വി.ഡി സതീശൻ കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റു; പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കം

 
Vd
Vd
വി . ഡി . സതീശൻ ഇന്ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഭവ്യമായ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ യു.ഡി.എഫ് സർക്കാരിന്റെ പുതിയ ഭരണകാലത്തിന് തുടക്കമായി.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി വാദ്ര , മല്ലികർജുൻ ഖർജ്എ ന്നിവരുള്‍പ്പെടെ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
10 വർഷത്തിന് ശേഷം യു.ഡി.എഫ് അധികാരത്തിലെത്തുന്നതാണ് ഇന്നത്തെ സത്യപ്രതിജ്ഞയെ ചരിത്രപരമാക്കുന്നത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി എൽ.ഡി.എഫ് ഭരണത്തെ പരാജയപ്പെടുത്തിയ ശേഷമാണ് വീഡി സതീശൻ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരും ചുമതലയേറ്റു. യുവമുഖങ്ങളും പരിചയസമ്പന്നരായ നേതാക്കളും ഉൾപ്പെട്ട പുതിയ മന്ത്രിസഭ സംസ്ഥാന ഭരണത്തിന് പുതിയ ദിശ നൽകുമെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്.
മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രതികരണത്തിൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, വികസന പദ്ധതികൾ വേഗത്തിലാക്കുക, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക എന്നിവയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സതീശൻ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ രാവിലെ മുതലേ ആഘോഷാന്തരീക്ഷമാണ് അനുഭവപ്പെട്ടത്. കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകർ പതാകകളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. സെൻട്രൽ സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങൾക്കും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ ചേരുമെന്നാണ് വിവരം. പ്രധാന വകുപ്പുകളുടെ അന്തിമ ചുമതല വിഭജനവും ഭരണപരമായ ആദ്യ തീരുമാനങ്ങളും അതിൽ ഉണ്ടാകാനിടയുണ്ട്.
കേരള രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന വീഡി സതീശന്റെ അധികാരാരോഹണം സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിനും ഭരണരംഗത്തിനും നിർണായകമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.