വാനുവാട്ടു ഫെറി ദുരന്തം; 37 പേരെ കാണാതായ നിലയിൽ തിരച്ചിൽ അവസാനിപ്പിച്ചു
പോർട്ട് വില: ദക്ഷിണ പസഫിക്കിലെ വാനുവാട്ടുവിൽ ഫെറി മുങ്ങിയുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അധികൃതർ അവസാനിപ്പിച്ചു. സെപ്റ്റംബർ 11ന് ശക്തമായ കടൽക്ഷോഭത്തിനിടെ ‘എംവി മാറ്റുയി’ എന്ന ഫെറി മുങ്ങിയ സംഭവത്തിൽ 39 പേർ മരിച്ചതായി അധികൃതർ അറിയിച്ചു.
സാന്റോ ദ്വീപിനും അംബേ ദ്വീപിനുമിടയിൽ യാത്ര ചെയ്തിരുന്ന ഫെറിയിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ തുടക്കത്തിൽ വ്യക്തതയില്ലായിരുന്നു. യാത്രക്കാരുടെ പട്ടികയിലെ ആശയക്കുഴപ്പത്തെ തുടർന്ന് കൃത്യമായ കണക്ക് കണ്ടെത്താൻ അധികൃതർക്ക് ദിവസങ്ങൾ വേണ്ടിവന്നു. 14 പേരെ രക്ഷപ്പെടുത്തുകയും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.
37 പേരെയാണ് ഇപ്പോഴും കാണാതായതായി കണക്കാക്കുന്നത്. കപ്പൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായിരുന്ന സമയത്താണ് യാത്ര നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യാത്രക്കാരെ കയറ്റുന്നതിനുള്ള ആവശ്യമായ അനുമതികളുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങളും അമിതഭാരവുമായി ബന്ധപ്പെട്ട ആശങ്കകളും അന്വേഷണവിധേയമാണ്.
ഫെറി ഉടമകൾ, മാനേജ്മെന്റ്, ക്യാപ്റ്റൻ എന്നിവർക്കെതിരെ ക്രിമിനൽ പരാതികൾ നൽകിയിട്ടുണ്ട്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ജോത്തം നാപത് അറിയിച്ചു. ദുരന്തത്തിൽ മരിച്ചവർക്കായി സെപ്റ്റംബർ 27ന് ദേശീയ അനുസ്മരണ ചടങ്ങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.