94-ാം വയസ്സിലും സിനിമയോട് വിടപറയാതെ; വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

 
Entertainment

വിഖ്യാത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാത്രി അന്ത്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാജീവിതത്തിൽ വ്യത്യസ്തമായ ആശയങ്ങളും പരീക്ഷണാത്മകമായ കഥപറച്ചിൽ രീതികളും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ സംവിധായകനായിരുന്നു അദ്ദേഹം.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായി സിംഗീതം ശ്രീനിവാസ റാവു സിനിമകൾ ഒരുക്കിയിട്ടുണ്ട്. ‘പുഷ്പക വിമാനം’, ‘ആദിത്യ 369’, ‘ഭൈരവ ദ്വീപം’, ‘മയൂരി’, ‘അപൂർവ സഹോദരങ്ങൾ’, ‘മൈക്കൽ മദന കാമരാജൻ’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ചലച്ചിത്രശൈലിയുടെ അടയാളങ്ങളാണ്. സംഭാഷണങ്ങളില്ലാത്ത ‘പുഷ്പക വിമാനം’ ദേശീയ പുരസ്കാരവും നേടിയിരുന്നു.

1931 സെപ്റ്റംബർ 21ന് ആന്ധ്രാപ്രദേശിലെ ഗൂഡൂരിൽ ജനിച്ച സിംഗീതം, സംവിധായകൻ എൽ.വി. പ്രസാദിന്റെ അസിസ്റ്റന്റായാണ് സിനിമാജീവിതം ആരംഭിച്ചത്. 1972ൽ ‘നീതി നിജായിതി’യിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഹാസ്യം, സയൻസ് ഫിക്ഷൻ, ഫാന്റസി, ബയോഗ്രഫി തുടങ്ങി വിവിധ വിഭാഗങ്ങളിൽ ശ്രദ്ധേയമായ സിനിമകൾ ഒരുക്കി.

94-ാം വയസ്സിലും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അവസാനിച്ചിരുന്നില്ല. നാഗ് അശ്വിൻ നിർമിച്ച ‘സിംഗീതം’ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പ്രായത്തെ മറികടന്ന് സിനിമയിൽ സജീവമായി തുടർന്ന അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു.

സിംഗീതം ശ്രീനിവാസ റാവുവിന്റെ വിയോഗത്തിൽ കമൽഹാസൻ, ജൂനിയർ എൻ.ടി.ആർ, മഹേഷ് ബാബു, എസ്.എസ്. രാജമൗലി, നാഗ് അശ്വിൻ തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകനായാണ് പലരും അദ്ദേഹത്തെ അനുസ്മരിച്ചത്.