തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ കേന്ദ്രത്തിൽ നിന്ന് വിഐപി?

സിപിഐ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയേക്കും; ത്രികോണ മത്സരത്തിന് തൃശൂരും സാക്ഷ്യം വഹിക്കും
 
CPI

തിരുവനന്തപുരം: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന കേരളത്തിലെ നാലിൽ മൂന്നെണ്ണം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ പാർട്ടിയുടെ ഉത്തരവാദിത്തം കൂടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. അടുത്ത മാസം ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചേക്കും.

തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ ബിജെപി കടുത്ത പോരാട്ടത്തിനൊരുങ്ങുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഈ മണ്ഡലങ്ങൾ സാക്ഷ്യം വഹിക്കുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ സിറ്റിങ് എംപിയായ ശശി തരൂർ പ്രചാരണ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.

കേന്ദ്രത്തിൽ നിന്നുള്ള ഒരു വിഐപി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാൽ തിരുവനന്തപുരത്തിന് ദേശീയ പ്രാധാന്യം കൂടും. കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സി.പി.ഐ ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയേക്കും.

നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തൃശ്ശൂരിൽ ബിജെപിയുടെ മുഖമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നാണ് സുരേഷ് ഗോപി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

വി.എസ്.സുനിൽകുമാർ, കെ.പി.രാജേന്ദ്രൻ തുടങ്ങിയ പരിചയസമ്പന്നരായ നേതാക്കൾ സി.പി.ഐ.ക്ക് തൃശൂരിലുണ്ട്. കോൺഗ്രസ് സിറ്റിംഗ് എംപി ടി എൻ പ്രതാപൻ മത്സരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.