മാതാപിതാക്കളുടെ പുതിയ ചോദ്യത്തെക്കുറിച്ച് വിരാട് കോലിയുടെ ബാല്യകാല പരിശീലകൻ

'എന്റെ കുട്ടിയും വൈഭവ് സൂര്യവംശിയെപ്പോലെ കളിക്കുമോ
 
Sports

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ അതിവേഗ വളർച്ച രാജ്യത്തെ മാതാപിതാക്കളുടെ പ്രതീക്ഷകളെയും മാറ്റിയെന്ന് വിരാട് കോലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാർ ശർമ. ഇപ്പോൾ ക്രിക്കറ്റ് അക്കാദമിയിലെത്തുന്ന പല മാതാപിതാക്കളും, "എന്റെ കുട്ടിയും വൈഭവിനെപ്പോലെ കളിക്കുമോ?" എന്ന ചോദ്യമാണ് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

അഞ്ച് വയസ്സുള്ള ഒരു കുട്ടിയെ പരിശീലനത്തിനായി കൊണ്ടുവന്ന മാതാപിതാക്കളുമായി നടന്ന സംഭാഷണവും അദ്ദേഹം പങ്കുവെച്ചു. ഇത്ര ചെറിയ പ്രായത്തിൽ അക്കാദമിയിൽ ചേർക്കേണ്ടതില്ലെന്നും എട്ടാം വയസ്സിൽ പരിശീലനം ആരംഭിച്ചാൽ മതിയെന്നും താൻ പറഞ്ഞപ്പോൾ, "അപ്പോൾ അവൻ വൈഭവ് സൂര്യവംശിയെപ്പോലെ എങ്ങനെ വളരും?" എന്നായിരുന്നു അവരുടെ മറുപടിയെന്ന് രാജ്കുമാർ ശർമ പറഞ്ഞു. 

വൈഭവിന്റെ പ്രകടനം രാജ്യത്തെ യുവതലമുറയ്ക്ക് വലിയ പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള പ്രതിഭകൾ "ഒരു തലമുറയിൽ ഒരിക്കൽ മാത്രം ജനിക്കുന്നവരാണ്" എന്നതിനാൽ കുട്ടികൾക്ക് അമിത സമ്മർദം നൽകാതെ അവരുടെ കഴിവിനനുസരിച്ച് വളരാൻ അവസരം നൽകണമെന്നും അദ്ദേഹം മാതാപിതാക്കളോട് അഭ്യർഥിച്ചു. 

15-കാരനായ വൈഭവ് സൂര്യവംശി സമീപകാല പ്രകടനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയനായി മാറിയിട്ടുണ്ട്. അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാൻ അർഹതയുള്ള താരമാണ് വൈഭവെന്നും രാജ്കുമാർ ശർമ അഭിപ്രായപ്പെട്ടു.