ഹോർമുസിൽ പൂർണ നിയന്ത്രണം ഞങ്ങൾക്കാണ്’; ഇറാനിലേക്ക് പോയ കപ്പലിന് നേരെ യുഎസ് ആക്രമണം

 
World

ഇറാനിലേക്കുള്ള യാത്രയ്ക്കിടെ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ച പനാമ പതാകയുള്ള ചരക്കുകപ്പലിന് നേരെ യുഎസ് സേന മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് ‘100 ശതമാനം നിയന്ത്രണമാണെന്ന്’ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. 

ഇറാനിയൻ തുറമുഖത്തേക്ക് പോകുകയായിരുന്ന ‘വെല നോവ’ എന്ന കപ്പലിന് നേരെയാണ് യുഎസ് സേന ആക്രമണം നടത്തിയത്. മുന്നറിയിപ്പുകൾ അവഗണിച്ച് ഉപരോധ മേഖല കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. 

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. കടലിടുക്കിലൂടെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിൽ യുഎസിന് വലിയ സൈനിക സാന്നിധ്യമുണ്ടെങ്കിലും, ട്രംപിന്റെ ‘പൂർണ നിയന്ത്രണം’ എന്ന അവകാശവാദം ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ട്. 

അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് ഇതുവരെ വ്യക്തമായ പരിഹാരം കണ്ടെത്താനായിട്ടില്ല. കടലിടുക്കിലെ സംഘർഷം തുടരുന്നത് ആഗോള എണ്ണവിലയിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിലും സമ്മർദം വർധിപ്പിക്കുന്നുണ്ട്.