‘അനുകൂല സാഹചര്യം വേണം’; താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് ബംഗ്ലാദേശിന്റെ ഉപാധി
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് ‘അനുകൂലമായ സാഹചര്യം’ ഒരുക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യവും അവരെ തിരിച്ചയക്കണമെന്ന ധാക്കയുടെ ആവശ്യവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയം.
താരിഖ് റഹ്മാന്റെ നിർദേശിച്ച ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ആഴ്ചകളായി ചർച്ചകൾ നടത്തിവരികയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാഹിദുൽ കരീം അറിയിച്ചു. ഷെയ്ഖ് ഹസീനയെയും മറ്റ് പ്രതികളെയും കൈമാറണമെന്ന ആവശ്യത്തിൽ ഇന്ത്യയുടെ മറുപടിക്കായി ധാക്ക കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2024ൽ അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്. ഹസീനയുടെ ഇന്ത്യയിലെ രാഷ്ട്രീയ ഇടപെടലുകളെച്ചൊല്ലിയും ധാക്ക അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയാകട്ടെ, കൈമാറ്റ അഭ്യർഥന നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് പരിശോധിച്ചുവരികയാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഓഗസ്റ്റ് 20 മുതൽ 25 വരെയുള്ള കാലയളവിൽ നടത്താനുള്ള സാധ്യതയെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. സന്ദർശനത്തിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.