ന്യൂറോസിസ്റ്റിസർക്കോസിസ് എന്ത്? ഇന്ത്യാ സന്ദർശനത്തിന് വർഷങ്ങൾക്കുശേഷം ബ്രിട്ടീഷ് യുവതിയുടെ തലച്ചോറിൽ കണ്ടെത്തിയത് 38 പരാദങ്ങൾ
ബ്രിട്ടനിലെ ഒരു യുവതിയുടെ തലച്ചോറിൽ 38 പരാദങ്ങളെ കണ്ടെത്തിയ സംഭവമാണ് ന്യൂറോസിസ്റ്റിസർക്കോസിസ് (Neurocysticercosis) എന്ന അപൂർവ രോഗത്തെ വീണ്ടും ചർച്ചയാക്കിയത്. ഇന്ത്യാ സന്ദർശനത്തിന് വർഷങ്ങൾക്കുശേഷമാണ് അവർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ തലവേദന, അപസ്മാരം (സീസർ), ഓർമ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നുള്ള പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ന്യൂറോസിസ്റ്റിസർക്കോസിസ് എന്നത് Taenia solium എന്ന പന്നിനാടവിരയുടെ (പോർക്ക് ടേപ്‌വോം) മുട്ടകൾ ശരീരത്തിൽ പ്രവേശിച്ച് അവയുടെ ലാർവകൾ തലച്ചോറിലെത്തുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ്. മലിനമായ ഭക്ഷണം, കുടിവെള്ളം, മോശം ശുചിത്വ സാഹചര്യങ്ങൾ എന്നിവയിലൂടെയാണ് രോഗബാധ സാധാരണയായി ഉണ്ടാകുന്നത്. ഇത് പന്നിയിറച്ചി കഴിക്കുന്നവരിൽ മാത്രമല്ല, മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്ന ആർക്കും ബാധിക്കാം.
രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ കടുത്ത തലവേദന, അപസ്മാരം, ഛർദ്ദി, ആശയക്കുഴപ്പം, കാഴ്ച പ്രശ്നങ്ങൾ, ഓർമ്മക്കുറവ് എന്നിവ ഉൾപ്പെടുന്നു. ചിലരിൽ വർഷങ്ങളോളം ലക്ഷണങ്ങളൊന്നും പ്രകടമാകാതിരിക്കാനും സാധ്യതയുണ്ട്. രോഗത്തിന്റെ ഗുരുത്വം തലച്ചോറിലുള്ള ലാർവകളുടെ എണ്ണത്തെയും അവയുടെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കും.
എംആർഐ, സിടി സ്കാൻ തുടങ്ങിയ ഇമേജിങ് പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. പരാദങ്ങളെ നശിപ്പിക്കുന്ന മരുന്നുകൾ, സ്റ്റിറോയിഡുകൾ, അപസ്മാരം നിയന്ത്രിക്കുന്ന മരുന്നുകൾ എന്നിവയാണ് പ്രധാന ചികിത്സ. ഗുരുതര സാഹചര്യങ്ങളിൽ ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.
ഈ രോഗം ഒഴിവാക്കാൻ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക, സുരക്ഷിതമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, ശുചിത്വമുള്ള ഭക്ഷണം കഴിക്കുക, പന്നിയിറച്ചി പൂർണമായി വേവിച്ചശേഷം മാത്രം ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.