'സത്‌ലജ്' വിവാദം എന്ത്? ദിൽജിത് ദോസാഞ്ചിന്റെ ചിത്രം ഒടിടിയിൽ നിന്ന് നീക്കിയത് എന്തുകൊണ്ട്?
ദിൽജിത് ദോശഞ്ഞഹ്നാ യകനായ 'സത്‌ലജ്' സിനിമ ഒടിടി റിലീസായി വെറും രണ്ട് ദിവസത്തിനകം ഇന്ത്യയിൽ നിന്ന് പിൻവലിച്ചതോടെ വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. വർഷങ്ങളായി സെൻസർ തടസ്സങ്ങൾ നേരിട്ട ചിത്രം ഒടുവിൽ ഒടിടിയിൽ എത്തിയെങ്കിലും, പിന്നീട് അപ്രതീക്ഷിതമായി സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്റ് സിംഗ് ഖൽര യുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ പേര് ആദ്യം 'Punjab '95' എന്നായിരുന്നു. പിന്നീട് 'Satluj' എന്ന പേരിലേക്ക് മാറ്റി. തിയേറ്റർ റിലീസിന് മുമ്പ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ 120-ലധികം മാറ്റങ്ങൾ നിർദേശിച്ചതിനെ തുടർന്ന് ചിത്രം വർഷങ്ങളോളം റിലീസ് വൈകുകയായിരുന്നു.
തിയേറ്റർ റിലീസ് ഒഴിവാക്കി ചിത്രം ഒടിടിയിലൂടെ പ്രദർശിപ്പിച്ചെങ്കിലും, റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ഇന്ത്യയിൽ നിന്ന് ലഭ്യമല്ലാതാക്കി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം താൽക്കാലികമായി പിൻവലിച്ചതെന്നും, നിയമപരമായ നടപടികളിലൂടെ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നും സ്ട്രീമിംഗ് പ്ലാറ്റ്ഫോം അറിയിച്ചു. എന്നാൽ നീക്കത്തിനുള്ള കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല.
ചിത്രം പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്ന് ദിൽജിത് ദോസാഞ്ച് പ്രതികരിച്ചു. സിനിമ കണ്ടവർ അത് സംരക്ഷിക്കണമെന്നും, ഈ കഥ പ്രേക്ഷകരിലേക്ക് എത്തിയത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
സെൻസർഷിപ്പ്, അഭിപ്രായസ്വാതന്ത്ര്യം, ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയ സിനിമകളുടെ അവതരണം എന്നിവയെക്കുറിച്ചുള്ള ദേശീയതല ചർച്ചകൾക്കും 'സത്‌ലജ്' വീണ്ടും വഴിവെച്ചിരിക്കുകയാണ്.