ഇന്ത്യയിൽ പ്രായസ്ഥിരീകരണ ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പ്രായസ്ഥിരീകരണ (Age Confirmation) ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പുതിയ ഡിജിറ്റൽ സ്വകാര്യതാ ചട്ടങ്ങൾ നടപ്പിലാകുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ ആവശ്യപ്പെടുന്നത്.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമല്ലെന്ന് കമ്പനി അറിയിച്ചു. പ്രായം സ്ഥിരീകരിക്കുന്ന വിവരങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് ദൃശ്യമാകില്ലെന്നും സ്വകാര്യത ഉറപ്പാക്കിയാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സ്വകാര്യതയും ശക്തിപ്പെടുത്തുക, പ്രായത്തിന് അനുയോജ്യമായ സേവനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. പരീക്ഷണം വിജയകരമായാൽ ഘട്ടംഘട്ടമായി കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ വ്യാപിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.