എന്തുകൊണ്ടാണ് കെയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്?
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കെയർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചത് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുയർന്ന ശക്തമായ സമ്മർദവും ജനപിന്തുണയിലെ ഇടിവും രാഷ്ട്രീയ തിരിച്ചടികളും രൂക്ഷമായതിനെ തുടർന്നാണ്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുമെന്ന് അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ ലേബർ എംപിമാർക്കിടയിൽ അതൃപ്തി വർധിച്ചിരുന്നു. സമീപകാല പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനവും ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാമിന്റെ നിർണായക വിജയവും നേതൃത്വമാറ്റത്തിനായുള്ള ആവശ്യങ്ങൾക്ക് ശക്തി പകർന്നു.
സർക്കാരിന്റെ ചില നയതീരുമാനങ്ങൾ, സാമ്പത്തിക വെല്ലുവിളികൾ, ജനപ്രീതിയിലെ കുത്തനെ ഇടിവ്, പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നത എന്നിവ സ്റ്റാർമറുടെ നേതൃത്വത്തെ ദുർബലമാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒടുവിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ താൻ ഏറ്റവും അനുയോജ്യനല്ലെന്ന പാർലമെന്ററി പാർട്ടിയുടെ നിലപാട് അംഗീകരിച്ചാണ് രാജി പ്രഖ്യാപിച്ചതെന്ന് സ്റ്റാർമർ പറഞ്ഞു.
രാജി പ്രഖ്യാപനത്തിൽ, ബ്രിട്ടനെ സേവിക്കാൻ ലഭിച്ച അവസരത്തിന് നന്ദി രേഖപ്പെടുത്തിയ സ്റ്റാർമർ, പുതിയ നേതാവിന് പൂർണ പിന്തുണ നൽകുമെന്നും അധികാര കൈമാറ്റം സുഗമമായി നടത്തുമെന്നും വ്യക്തമാക്കി. ലേബർ പാർട്ടിയുടെ നേതൃത്വ തിരഞ്ഞെടുപ്പ് ജൂലൈയിൽ ആരംഭിക്കുമെന്നും പുതിയ പ്രധാനമന്ത്രി സെപ്റ്റംബറിന് മുമ്പ് അധികാരമേൽക്കുമെന്നാണ് പ്രതീക്ഷ. ആൻഡി ബേൺഹാമാണ് പ്രധാന പകരക്കാരനായി വിലയിരുത്തപ്പെടുന്നത്.