2030 ലോകകപ്പിൽ കളിക്കുമോ? പ്രതികരണവുമായി ലയണൽ മെസി
ബ്യൂണസ് ഐറിസ്: 2030 ഫിഫ ലോകകപ്പിൽ കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരിച്ച് അർജന്റീനൻ സൂപ്പർതാരം ലയണൽ മെസ്സി . നിലവിൽ ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നും ഓരോ ദിവസവും വരുന്നതുപോലെ ജീവിക്കുകയാണെന്നും മെസി വ്യക്തമാക്കി.
“ഞാൻ ഇപ്പോൾ വർത്തമാനകാലത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ ദിവസവും അതിന്റെ വഴിക്ക് ജീവിക്കുകയാണ്. 2030 ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല,” എന്നാണ് മെസി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
2026 ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിലും താരം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. തന്റെ ശാരീരിക അവസ്ഥയും മത്സരക്ഷമതയും വിലയിരുത്തിയ ശേഷമായിരിക്കും ഭാവിയെക്കുറിച്ചുള്ള തീരുമാനമെന്ന് മെസി സൂചിപ്പിച്ചു.
2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയതിന് ശേഷം മെസിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നിരന്തരം ഉയരുന്നുണ്ട്. 2030 ലോകകപ്പ് നടക്കുമ്പോൾ മെസിക്ക് 43 വയസായിരിക്കും. അതിനാൽ ടൂർണമെന്റിൽ അദ്ദേഹം കളിക്കുമോ എന്നത് ആരാധകരിൽ വലിയ കൗതുകമുണർത്തുന്ന വിഷയമാണ്.
നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയമി CFയ്ക്കായി കളിക്കുന്ന മെസി, ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം തുടരുകയാണ്. എന്നാൽ ലോകകപ്പ് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ ഇനിയും സമയം ഉണ്ടെന്നും ഇപ്പോഴത്തെ ലക്ഷ്യം ആരോഗ്യവും ഫോമും നിലനിർത്തുകയാണെന്നും താരം വ്യക്തമാക്കി.
ഫുട്ബോൾ ലോകം 2026 ലോകകപ്പിൽ മെസി അർജന്റീന ജഴ്സിയിൽ ഇറങ്ങുമോയെന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം തേടുന്നത്. അതിന് ശേഷമേ 2030 ലോകകപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വ്യക്തത വരൂ.