വനിതാ ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി പാകിസ്ഥാൻ; ടീമിനെതിരെ രൂക്ഷ വിമർശനം

 
Sports

ലണ്ടൻ: ഐസിസി വനിതാ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെ പുറത്തായ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമർശനം ഉയരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ തുടർച്ചയായ തോൽവികളോടെ സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചതാണ് ടീമിനെ പ്രതിരോധത്തിലാക്കിയത്. 

ടീമിന്റെ മോശം പ്രകടനത്തേക്കാൾ കൂടുതൽ വിവാദമായത് ടൂർണമെന്റിനിടെ ചില താരങ്ങളും പരിശീലക സംഘവും വിനോദപരമായ പരിപാടികളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ്. ഇതിനെതിരെ മുൻ താരങ്ങളും ആരാധകരും കടുത്ത വിമർശനം ഉന്നയിച്ചു. 

മുഖ്യപരിശീലകൻ വഹാബ് റിയാസ് ടീമിന്റെ പുറത്താകലിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. നിർണായക ഘട്ടങ്ങളിൽ മുതിർന്ന താരങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വിജയിക്കാവുന്ന മത്സരങ്ങൾ സ്വന്തം പിഴവുകൾ മൂലമാണ് കൈവിട്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമുകളിലൊന്നായി. ശേഷിക്കുന്ന മത്സരങ്ങൾ അഭിമാനം വീണ്ടെടുക്കാനുള്ള അവസരമാണെങ്കിലും, ടീമിന്റെ ഭാവി, പരിശീലക സംഘത്തിന്റെ സമീപനം, താരങ്ങളുടെ പ്രകടനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ പാകിസ്ഥാൻ ക്രിക്കറ്റ് വൃത്തങ്ങളിൽ ശക്തമായിരിക്കുകയാണ്.