ലോക വൃക്ക ദിനം 2025 മാർച്ച് 13

ലോകമെമ്പാടും World kidney day (ലോക വൃക്ക ദിനം ) 2025 മാർച്ച് മാസം പതിമൂന്നാം തീയതി ആചരിക്കുകയാണ്. Are your kidneys ok?Detect early,protect kidney health (നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ ? നേരത്തെ വൃക്കരോഗം കണ്ടുപിടിക്കുക, വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ വൃക്ക ദിനത്തിന്റെ ചിന്താവിഷയം.
അന്താരാഷ്ട്ര വൃക്ക സംഘടന (International society of Nephrology) യുടെ കണക്ക് പ്രകാരം ലോകത്ത് 850 ദശലക്ഷം വൃക്ക രോഗികളുണ്ട്. ലോക ജനസംഖ്യയുടെ 10% പേർക്ക് ഏതെങ്കിലും തരത്തിലുള്ള വൃക്ക രോഗങ്ങളുണ്ട്. മാത്രമല്ല മരണകാരണമായ രോഗങ്ങളുടെ പട്ടികയിൽ വൃക്കരോഗം എട്ടാം സ്ഥാനത്താണ് . 2040 ആകുമ്പോൾ ഇത് അഞ്ചാം സ്ഥാനത്താകും .ലോകമെമ്പാടും വൃക്കരോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണ്.
വൃക്ക രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുവാനുള്ള കാരണങ്ങൾ .
- അനിയന്ത്രിതമായ പ്രമേഹരോഗം
- അനിയന്ത്രിതമായ രക്തസമ്മർദ്ദം .
- പൊണ്ണത്തടി
- വൃക്കകളുടെ രക്തക്കുഴലുകളിലുള്ള നീർക്കെട്ട്
- വൃക്കയിലെ കല്ലുകൾ
- പെട്ടെന്നുള്ള വൃക്ക സ്തംഭനം (പിന്നീട് സ്ഥായിയായ വൃക്ക സ്തംഭനത്തിലേക്ക് നയിക്കാം )
- വൃക്കയുടെ ചില പാരമ്പര്യ രോഗങ്ങൾ
- വേദനസംഹാരികളുടെ അമിത ഉപയോഗം
- ജനനത്താലുള്ള വൃക്കരോഗം.
പ്രമേഹവും അമിത രക്തസമ്മർദ്ദവും ആണ് വൃക്ക രോഗത്തിന്റെ പ്രധാന കാരണങ്ങൾ . പ്രമേഹ രോഗം നിയന്ത്രണ വിധേയമായി കൊണ്ടുപോയാൽ വൃക്ക രോഗമുണ്ടാകാനുള്ള സാധ്യത കുറയുന്നതായി കാണാം. അതുപോലെ തന്നെ വൃക്ക രോഗത്തിനുള്ള screening program ചെയ്താൽ ഈ വൃക്ക രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാം .അമിത രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കാം. വേദന സംഹാരികളുടെ അമിത ഉപയോഗം ഒഴിവാക്കുക. വൃക്കകളിലെ നീർക്കെട്ട്, കല്ലുകൾ ഇവ ശരിയായി ചികിത്സിക്കുക.
വൃക്ക രോഗ ലക്ഷണങ്ങൾ
കാലിലും മുഖത്തും ദേഹമാസകലവും നീര് . മൂത്രം പതഞ്ഞു പോകുക . മൂത്രത്തിന്റെ അളവ് ക്രമാതീതമായി കുറയുക . മൂത്രത്തിൽ രക്തം കലരുക . മൂത്രത്തിൽ കല്ലു കാണുക. മൂത്രത്തിലും വൃക്കയിലും ഉള്ള പഴുപ്പ് .ക്രമാതീതമായി രക്തസമ്മർദ്ദം വർദ്ധിക്കുക. ഇവയൊക്കെ വൃക്ക രോഗലക്ഷണങ്ങളാകാം.
വൃക്ക രോഗ പരിശോധനകൾ
വൃക്കരോഗം കണ്ടുപിടിക്കാനുള്ള ഏറ്റവും എളുപ്പമുള്ളതും ഫലപ്രദവുമായുള്ള ടെസ്റ്റാണ് മൂത്ര പരിശോധന.മൂത്രത്തിലെ ആൽബുമിൻ പരിശോധന.മൈക്രോ ആൽബിൻ കൂടുന്നത് വക്കരോഗത്തിന്റെ ആദ്യ ലക്ഷണമാകാം.ഇത് ഫലപ്രദമായി ചികിത്സിച്ചാൽ അത് വൃക്കരോഗം ഉണ്ടാകുന്നത് തടയാൻ സാധിക്കും.മൂത്രത്തിൽ രക്തം കലരുക മൂത്രത്തിൽ പഴുപ്പ് ഇവ മൂത്ര പരിശോധന വഴി കണ്ടുപിടിക്കുവാൻ സാധിക്കും.24 മണിക്കൂർ നേരത്തെ മൂത്ര പരിശോധനയും വൃക്ക രോഗ നിർണയത്തിന് സഹായകമാകും.
രക്ത പരിശോധന
രക്തത്തിലെ യൂറിയ, ക്രിയാറ്റിൻ യൂറിക്കാസിഡ് ,പൊട്ടാസ്യം, കാൽസ്യം ഫോസ്ഫറസ് എന്നീ ടെസ്റ്റുകളും വൃക്കരോഗ നിർണയത്തിന് സഹായകമാകും. രക്തത്തിലെ യൂറിയയുടെയും ക്രിയാറ്റിന്റെയും നില ക്രമാതീതമായി കൂടുന്നത് വൃക്ക പരാജയം മൂലമാണ്. ആവശ്യമുള്ള കേസുകളിൽ വൃക്കകളുടെ അൾട്രാസൗണ്ട് സ്കാനിങ് വൃക്ക രോഗ നിർണയത്തിന് സഹായിക്കും. സ്ഥായിയായ വൃക്ക സ്തംഭനം ആണോ പെട്ടെന്നുള്ള വൃക്ക സ്തംഭനമാണോ എന്നറിയാൻ സ്കാനിങ് സഹായിക്കും.
വൃക്കരോഗ നിയന്ത്രണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- രക്താദി സമ്മർദ്ദം പരിശോധിച്ച് നിയന്ത്രണവിധേയമാക്കുക.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുക
- ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക
- ഊർജ്ജസ്വലനും ആരോഗ്യവാനും ആയിരിക്കുക
- ആവശ്യത്തിന് വെള്ളം കുടിക്കുക.
- പുകവലി പൂർണ്ണമായും ഒഴിവാക്കുക.
- വേദനസംഹാരികളും വൃക്ക രോഗകാരണമായ മരുന്നുകളും വൃക്ക രോഗികൾ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം കഴിക്കുക.
- കൃത്യമായ ഇടവേളകളിൽ വൃക്കകളുടെ ആരോഗ്യം പരിശോധിക്കുക.