'എക്‌സ്' വീണ്ടും തകരാർ; ഫീഡ്, സെർച്ച് ഉൾപ്പെടെ സേവനങ്ങൾ തടസ്സപ്പെട്ടു
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് (മുൻ ട്വിറ്റർ)-ൽ ആഗോളതലത്തിൽ വീണ്ടും വ്യാപക സാങ്കേതിക തകരാർ. നിരവധി ഉപയോക്താക്കൾക്ക് ഹോം ഫീഡ് ലോഡ് ചെയ്യാനാകാതെയും, സെർച്ച് പ്രവർത്തിക്കാതെയും, പോസ്റ്റുകളും റിപ്ലൈകളും കാണാനാകാതെയും പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ.
തകരാർ ആരംഭിച്ചതോടെ Downdetector ഉൾപ്പെടെയുള്ള ഔട്ടേജ് ട്രാക്കിങ് പ്ലാറ്റ്ഫോമുകളിൽ ആയിരക്കണക്കിന് പരാതികളാണ് രേഖപ്പെടുത്തിയത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഒരേസമയം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.
തകരാറിന് പിന്നിലെ കൃത്യമായ കാരണം എക്‌സ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, സമീപ ദിവസങ്ങളിൽ ക്ലൗഡ് നെറ്റ്‌വർക്ക് അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം നിരവധി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. എന്നാൽ നിലവിലെ പ്രശ്നവുമായി അതിന് നേരിട്ടുള്ള ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അൽപസമയത്തിനുശേഷം സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിച്ചെങ്കിലും ചില ഉപയോക്താക്കൾക്ക് ഇപ്പോഴും ഇടയ്ക്കിടെ ഫീഡ്, സെർച്ച്, ലോഗിൻ എന്നിവയിൽ തടസ്സം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.