നീയാണ് എൻ്റെ തങ്കം', നയൻതാരയുടെ ജന്മദിനം ആഘോഷിച്ച് വിഘ്നേഷ് ശിവൻ

 
Entertainment

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര തൻ്റെ നാൽപതാം പിറന്നാൾ ആഘോഷിച്ചു. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഘ്നേഷ് താരത്തിന് ആശംസകൾ അറിയിച്ചത്. 'എനിക്ക് നിന്നോടുള്ള എൻ്റെ ബഹുമാനം, നിന്നോടുള്ള എൻ്റെ സ്‌നേഹത്തേക്കാൾ കോടി മടങ്ങ് വലുതാണ് നീ എൻ്റെ തങ്കം' എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചു. സിനിമാ പ്രവർത്തകരടക്കം നിരവധി ആരാധകരാണ് നയൻതാരയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേർന്നത്.

അതേസമയം നയൻതാരയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് കോളിവുഡിൽ വലിയ വിവാദം തുടരുകയാണ്. നടൻ ധനുഷിനെതിരെ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതോടെ നയൻതാരയ്‌ക്കെതിരെ സൈബർ ആക്രമണം ഉണ്ടായി.

ധനുഷിന് പിന്തുണയുമായി ഹാഷ് ടാഗുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ധനുഷ് നിർമ്മിച്ച് നയൻതാര അഭിനയിച്ച 'നാനും റൗഡി താൻ' എന്ന സിനിമയിൽ ചില ഭാഗങ്ങൾ ചേർക്കാൻ എൻഒസി ലഭിക്കാൻ രണ്ട് വർഷം കാത്തിരുന്നതായും നടി വിമർശിക്കുന്നു. ഇതിന് പിന്നാലെ നയൻതാരയെ വിമർശിച്ചും ധനുഷിനെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായിരുന്നു. ധനുഷിനൊപ്പം അഭിനയിച്ച പാർവതി തിരുവോത്ത് അനുപമ പരമേശ്വരൻ ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ തുടങ്ങിയ താരങ്ങൾ കഴിഞ്ഞ ദിവസം നയൻതാരയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. വിഷയത്തിൽ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.