‘നിങ്ങൾ അപകടകരമായ വിമാനത്തിലാണ്’; മാധ്യമപ്രവർത്തകരെ ‘ഡീകോയ്’ വിമാനത്തിൽ വിട്ട് ട്രംപ് രഹസ്യമായി മറ്റൊരു വിമാനത്തിൽ
നാറ്റോ ഉച്ചകോടിക്ക് ശേഷം തുർക്കിയിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രഹസ്യ വിമാനമാറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇറാന്റെ മിസൈൽ ഭീഷണിയെ തുടർന്ന് ട്രംപിനെ പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ നിന്ന് രഹസ്യമായി മാറ്റി മറ്റൊരു ചെറിയ സൈനിക വിമാനത്തിലാണ് അമേരിക്കയിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ട്.
ട്രംപ് ആദ്യം മാധ്യമപ്രവർത്തകരുടെ മുന്നിൽ എയർഫോഴ്സ് വണ്ണിൽ കയറി. എന്നാൽ പിന്നീട് വിമാനത്താവളത്തിലെ കാറ്ററിങ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ചാണ് അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്തേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്. അതേസമയം മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം അതേ വിമാനത്തിൽ തന്നെ യാത്ര തുടർന്നു. ആ വിമാനം ഒരു ഡീകോയ് വിമാനമായി ഉപയോഗിക്കുകയായിരുന്നു.
വിമാനത്തിന്റെ ജനൽ ഷേഡുകൾ താഴ്ത്താൻ മാധ്യമപ്രവർത്തകരോട് നിർദേശിച്ചിരുന്നു. അതിന്റെ കാരണം ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത്: “നിങ്ങൾ അപകടകരമായ വിമാനത്തിലാണ്” എന്നായിരുന്നു. അമേരിക്ക നേരിടുന്ന ശത്രുക്കളെ സൂചിപ്പിച്ച് ‘sleazebags’ എന്ന പരാമർശവും അദ്ദേഹം നടത്തി. തുടർന്ന് “ഞാൻ പോകുകയാണെങ്കിൽ നിങ്ങളും പോകും, അല്ലേ?” എന്നും തമാശയായി ചോദിച്ചു.
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങൾ പ്രകാരം എയർഫോഴ്സ് വണ്ണിനെ ലക്ഷ്യമിട്ട സർഫേസ്-ടു-എയർ മിസൈൽ ഭീഷണി ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നാറ്റോ ഉച്ചകോടിക്ക് സമീപം ഒരാൾ തോളിൽ വഹിക്കാവുന്ന മിസൈൽ ആയുധവുമായി കണ്ടതായും വിവരമുണ്ട്. കൂടാതെ, ട്രംപ് അങ്കാറയിൽ താമസിച്ചിരുന്ന കെട്ടിടവും അദ്ദേഹം താമസിച്ചിരുന്ന നിലയും ഇറാനിയൻ ഏജന്റുമാർക്ക് അറിയാമായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
ഭീഷണി നിലനിന്നിരുന്നിട്ടും മാധ്യമപ്രവർത്തകരെ വിമാനത്തിൽ നിന്ന് മാറ്റിയില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന വിവാദം. ഏകദേശം ഒരു ഡസനോളം മാധ്യമപ്രവർത്തകർ തങ്ങൾ ‘ഡീകോയ്’ ആയി ഉപയോഗിക്കപ്പെടുകയാണെന്ന് അറിയാതെയാണ് ആ വിമാനത്തിൽ തുർക്കിയിൽ നിന്ന് പുറപ്പെട്ടത്.
അതേസമയം, താൻ സഞ്ചരിച്ച ചെറിയ വിമാനത്തിനായിരുന്നു യഥാർഥത്തിൽ കൂടുതൽ അപകടസാധ്യതയുണ്ടായിരുന്നതെന്ന് ട്രംപ് പിന്നീട് പറഞ്ഞു. സംഭവത്തിൽ തനിക്ക് ഭയമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.