രാഹുൽ മാംകൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്; പലയിടത്തും സംഘർഷങ്ങൾ

 
YC

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാംകൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിനിടെ പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. വനിതാ നേതാക്കളടക്കം നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു.

അറസ്റ്റിനെ തുടർന്ന് രാഹുൽ മാംകൂട്ടത്തിലിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

പോലീസ് വാഹനം തടഞ്ഞ പ്രവർത്തകരെ പിന്നീട് ബലം പ്രയോഗിച്ച് നീക്കി. പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് പാലക്കാട് സംഘർഷം. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്ന് മാറ്റി.

പത്തനംതിട്ട അടൂരിലും യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. കൊല്ലത്തും കണ്ണൂരിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോട് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണറുടെ ഓഫീസ് ഉപരോധിച്ചു.

കോട്ടയം തിരുനക്കരയിൽ എംസി റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സംഭവസ്ഥലത്ത് നിന്ന് നീക്കി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.