പൂപ്പാറയിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചു

 
Pooppara

തൊടുപുഴ: പന്നിയാർ പുഴയോരത്തെ വീടുകളും കടകളുമടക്കം 56 കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി പൂപ്പാറയിൽ ബുധനാഴ്ച നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഒഴിപ്പിക്കൽ. ഇതിന് പോലീസ് സുരക്ഷയും റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ പൂപ്പാറയിൽ ഒഴിപ്പിക്കലിനായി എത്തിയിട്ടുണ്ട്. കടകൾ പൊളിക്കില്ല. ഇത് ഒഴിപ്പിച്ച് സീൽ ചെയ്യും. കടയിൽനിന്ന് കേടുവന്ന സാധനങ്ങൾ നീക്കം ചെയ്യാൻ കടയുടമകൾക്ക് വൈകിട്ട് അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്. വാടകക്കാരെ ആരും വീടുകളിൽ നിന്ന് പുറത്താക്കില്ല. അവർക്ക് നോട്ടീസ് നൽകുമെന്ന് സബ് കളക്ടർ അറിയിച്ചു.

കോടതി അനുവദിച്ച 45 ദിവസം പൂർത്തിയാകാത്തതിനാൽ ഒഴിപ്പിക്കൽ തടയുമെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് ബാബു വർഗീസ് അറിയിച്ചു.

ഭൂമി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഹൈക്കോടതി പ്രത്യേക ബെഞ്ച് ജനുവരി 17ന് ഉത്തരവിട്ടിരുന്നു.പൊലീസിൻ്റെ സഹായത്തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ കോടതി അധികാരികളോട് നിർദേശിച്ചിരുന്നു. ആറാഴ്ചക്കകം കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഉത്തരവ് നടപ്പാക്കിയാൽ പൂപ്പാറ ടൗണിൻ്റെ ഒരു ഭാഗം ഇല്ലാതാകുമെന്നാണ് പ്രദേശവാസികളുടെ വാദം. 60 വർഷത്തിലേറെയായി വീടും വ്യാപാരസ്ഥാപനങ്ങളും സ്ഥാപിച്ച് പ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസരവാസികൾ പറഞ്ഞു.

പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാത്ത റവന്യൂ വകുപ്പ് സാധാരണക്കാരെ കയ്യേറ്റക്കാരായി മുദ്രകുത്താൻ വ്യഗ്രത കാട്ടുകയാണെന്നും ഇവർ ആരോപിച്ചു.