തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 23.45 കോടിയുടെ 11 പദ്ധതികള്‍
മന്ത്രി വീണാ ജോര്‍ജ് വെള്ളിയാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും


തൃശൂര്‍: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 23.45 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് അലുമ്‌നി ഓഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. വിവിധ രോഗിസൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലോക്കല്‍ ഒ.പി, 128 സ്ലൈസ് സി.ടി, എച്ച്.ഡി.എസ് ലാബ് എന്നിവ ഉള്‍പ്പെടെ 8 പദ്ധതികളുടെ ഉദ്ഘാടനവും 16.56 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. സേവിയര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. രാധാകൃഷ്ണന്‍ എം.പി, മുഖ്യപ്രഭാഷണം നടത്തും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആരോഗ്യ വിദ്യാഭ്യാസ ചികിത്സാ മേഖലകളില്‍ സമഗ്ര വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. മെഡിക്കല്‍ കോളേജിന്റെ പുരോഗതിയ്ക്കായി ഏറെ സഹായിക്കുന്നതാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.
ഉദ്ഘാടന പരിപാടികള്‍
1. 128 സ്ലൈസ് സി.ടി (4.76 കോടി രൂപ)
ലോകോത്തര നിലവാരമുള്ള പരിശോധനാ ഫലങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് 128 സ്ലൈസ് സി.ടി. സ്‌കാന്‍.
2. ലോക്കല്‍ ഒപി (20 ലക്ഷം)
ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് ഒപിയില്‍ നേരിട്ട് വരുന്ന രോഗികളുടെ സൗകര്യാര്‍ത്ഥം 7,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള കെട്ടിടം നിര്‍മ്മിച്ചത്.
3. എച്ച്.ഡി.എസ് ലാബ് (9.9 ലക്ഷം രൂപ)
ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് രോഗികള്‍ക്ക് ആവശ്യമുള്ള എല്ലാ തരത്തിലുള്ള പരിശോധനകളും രോഗീസൗഹ്യദ നിരക്കില്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന സംവിധാനം ഒരുക്കിയത്.
4. മാലിന്യ നിര്‍മ്മാര്‍ജ്ജന ഏരിയ (20 ലക്ഷം രൂപ):
ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി നോണ്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഏകീകരിച്ച് ശേഖരിക്കുകയും നിര്‍മ്മാര്‍ജ്ജനവും ചെയ്യുന്ന സംവിധാനം.
5. മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിയില്‍ പുതിയ സബ് സ്റ്റോര്‍ നിര്‍മ്മാണം (39.5 ലക്ഷം രൂപ)
ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ചെസ്റ്റ് ആശുപത്രിയില്‍ വിവിധ സബ് സ്റ്റോറുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം.
8. ട്രസ്റ്റ് റൂഫിങ് നിര്‍മ്മാണം (13.7 ലക്ഷം രൂപ)
രോഗീസൗഹൃദ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും തുണി ഉണക്കുന്നതിനുള്ള ട്രസ്സ് റൂഫിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
7. ഒ.ടി. വാഷ് ഏരിയയുടെ നവീകരണം (9.71 ലക്ഷം രൂപ)
വിവിധ ഓപ്പറേഷന്‍ തിയേറ്ററുകളുടെ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ അനുസരിച്ചുള്ള വാഷ് ഏരിയകളുടെ നവീകരണം.
8. ഓപ്പറേഷന്‍ തിയറ്റര്‍
കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി & ട്രോമാ തിയറ്ററിന്റെയും ഐ.സി.യു.വിന്റെയും പ്രവര്‍ത്തനോദ്ഘാടനം
നിര്‍മ്മാണം ആരംഭിച്ച പദ്ധതികള്‍
1. ഡേ കെയര്‍, കീമോതെറാപ്പി സെന്റര്‍ (5.25 കോടി രൂപ)
ഡേ കെയര്‍ കീമോതെറാപ്പി സെന്ററുകളുടെ മൂന്നാം ഘട്ട നിര്‍മ്മാണം, മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിയിലെ കീമോതെറാപ്പി സര്‍ജിക്കല്‍ ഡേ കെയര്‍ സെന്ററിന്റെ ഓപ്പറേഷന്‍ തിയേറ്റര്‍, ഐ.സി.യു., കണക്ഷന്‍ കോറിഡോര്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്നും നാലും നിലകളുടെ നിര്‍മ്മാണ ഉദ്ഘാടനം.
2. മള്‍ട്ടിപര്‍പ്പസ് ഹാള്‍ (6.31 കോടി രൂപ)
തൃശൂര്‍ സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ മള്‍ട്ടിപര്‍പ്പസ് ഹാളിന്റെ വിവിധ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
3 . ലൈബ്രറി കം ഓഡിറ്റോറിയം നിര്‍മ്മാണം രണ്ടാം ഘട്ടം (5 കോടി രൂപ)
ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ലൈബ്രറി കം ഓഡിറ്റോറിയ സമുച്ചയം പൂര്‍ത്തീകരിക്കുന്നതിനുള്ള രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.