തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്; ഡ്രൈവർമാർ ഗുരുതരാവസ്ഥയിൽ

 
Accident

തൃശൂർ: കുന്നംകുളം കുറുക്കൻപാറയിൽ വെള്ളിയാഴ്ച പുലർച്ചെ നാലിന് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസും റോഡുപണിക്കായി മണലുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയായിരുന്നു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.

ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ലോറി തകർത്താണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.