18-ാമത് അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് 'ടൈപ്പോഡേ 2026' കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ

 
Kerala

​കൊച്ചി: ടൈപ്പോഗ്രഫി, ടൈപ്പ് ഡിസൈൻ, കാലിഗ്രഫി, വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര ടൈപ്പോ​ഗ്രഫി കോൺഫറൻസ് 'ടൈപ്പോഡേ 2026' സെപ്റ്റംബർ 28 മുതൽ 30 വരെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കും. ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐ.ഐ.ടി ബോംബെയിലെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

​'ടൈപ്പോഗ്രാഫിക് ഇന്റർസെക്ഷൻസ്: അനലോഗ് ടു ഡിജിറ്റൽ ആൻഡ് ബിയോണ്ട്' എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ പ്രമേയം. പരമ്പരാഗത അക്ഷരകലയും കാലിഗ്രഫിയും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, പുതിയ ഡിജിറ്റൽ യുഗത്തിൽ ടൈപ്പ് ഡിസൈനിംഗിലെ വെല്ലുവിളികളും സാധ്യതകളും എന്തൊക്കെയെന്നും കോൺഫറൻസ് വിശദമായി ചർച്ച ചെയ്യും. ​മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ആദ്യ ദിനം ടൈപ്പോഗ്രഫി, കാലിഗ്രഫി ശില്പശാലകൾ, ഗവേഷണ മീറ്റിംഗ് എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ 'ടൈപ്പോഗ്രഫി ആൻഡ് സ്റ്റോറിടെല്ലിംഗ്' എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര കോൺഫറൻസ്, പ്രബന്ധ അവതരണങ്ങൾ, അന്താരാഷ്ട്ര പോസ്റ്റർ എക്സിബിഷൻ, ഇൻസ്റ്റലേഷനുകൾ എന്നിവ നടക്കും.  

ഡിസൈൻ മേഖലയിലെ പ്രൊഫഷണലുകൾ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ സംഗമത്തിന്റെ ഭാഗമാകും. ​പരിപാടിയുടെ മുഖ്യ ആകർഷണമായ പ്രായോഗിക ശില്പശാലകൾക്കും സെഷനുകൾക്കും ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രഗത്ഭരാണ് നേതൃത്വം നൽകുന്നത്. പതിറ്റാണ്ടുകളായി മലയാളം കാലിഗ്രഫി രംഗത്ത് ശ്രദ്ധേയനായ കലാകാരൻ നാരായണ ഭട്ടതിരി, ഇന്ത്യൻ ലിപികളെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച അച്യുത് പാലവ്, ഐ.ഐ.ടി ബോംബെയിലെ ടൈപ്പോഗ്രഫി വിദഗ്ധൻ പ്രൊഫ. ജി. വി. ശ്രീകുമാർ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. കൂടാതെ, ഡിസൈൻ-വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗത്തെ വിദഗ്ധരായ തരുൺ ദീപ് ഗിർധർ, അഭിഷേക് വർധൻ, അർച്ചന ശേഖര, പ്രൊഫ. പൗയ ജഹാൻഷാഹി, പ്രമുഖ ടൈപ്പ്ഫേസ് ഡിസൈനർ മുത്തു നെടുമാരൻ തുടങ്ങിയവരും അറിവുകൾ പങ്കുവെക്കും.  

​ ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്ത പ്രമുഖ ഡിസൈനറും അധ്യാപകനുമായ ഡോ. ഡി. ഉദയകുമാർ നയിക്കുന്ന 'ടൈപ്പോ ക്വിസും' കോൺഫറൻസിന്റെ മാറ്റുകൂട്ടും. ചടങ്ങിന്റെ ഭാഗമായി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും. പരമ്പരാഗത രീതികളും പുതിയ ഡിജിറ്റൽ സാധ്യതകളും കോർത്തിണക്കുന്ന ഈ സംഗമം അക്കാദമിക രംഗത്തിനും വ്യവസായ മേഖലയ്ക്കും പുതിയ ആശയങ്ങളും അറിവുകളും പകരുന്ന വേദിയായി മാറുമെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജെ. ലത പറഞ്ഞു. ടൈപ്പോഗ്രഫിയിലും ഡിസൈൻ മേഖലയിലുമുള്ള പുതിയ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും ലോകോത്തര വിദഗ്ധരുമായി സംവദിക്കാനും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://typoday.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.