ലോഡ്ജ് റെയ്ഡിൽ 200 ഗ്രാം എംഡിഎംഎ പിടികൂടി

 
mdma

മലപ്പുറം: സ്വകാര്യ ലോഡ്ജിൽ നിന്ന് 200 ഗ്രാം എംഡിഎംഎ മലപ്പുറം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ബി സജികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മലപ്പുറം കുറ്റിപ്പുറം സ്വദേശി അനസ് പിയുടെ മുറിയിൽ നിന്നാണ് മിഠായി പൊതികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. അനസ് പി ഈ മുറിയിലെ സ്ഥിരം താമസക്കാരനാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പിടികൂടുന്നതിന് മുമ്പ് ദിവസങ്ങളായി മുറിയിലും പരിസരത്തും എക്സൈസ് വകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. മുറിയിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസ്സിലാക്കിയ പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.

എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ വഹാബ്, പ്രിവൻ്റീവ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്, ഷെഫീർ അലി പി, സിവിൽ എക്സൈസ് ഓഫീസർമാരായ സലീന, മുഹമ്മദ് അലി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിസാർ എന്നിവരും ഉണ്ടായിരുന്നു.