വനംവകുപ്പിൻ്റെ അനുമതിയില്ലാതെ 30 മരങ്ങൾ വെട്ടിമാറ്റി; ആറംഗ സംഘം ഒളിവിൽ

 
Forest

വയനാട്: കൽപ്പറ്റയിലെ സുഗന്ധഗിരി ചെന്നക്കവലയിൽ അനുവദിച്ചതിലും കൂടുതൽ മരങ്ങൾ പ്രതികൾ വെട്ടിമാറ്റിയതായി വനംവകുപ്പ്. കേസിലെ ആറ് പ്രതികൾ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ അറിയാതെ 30 മരങ്ങൾ കൂടി വെട്ടിയെന്നും റിപ്പോർട്ടുണ്ട്. ആറുപേരും കോടതിയിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. അധികമായി മുറിക്കുന്ന ഓരോ മരത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം.

വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൾ മജീദ്, മണ്ടാട്ട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുൾ നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻ കുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് കേസിലെ പ്രതികൾ. ജനുവരിയിൽ 20 മരങ്ങൾ മുറിക്കാനാണ് വനംവകുപ്പ് അനുമതി നൽകിയത്.

എന്നാൽ ആറംഗ സംഘം 30 മരങ്ങൾ കൂടി മുറിച്ചതായി കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വരവ് കണ്ട് മരത്തടികൾ അവിടെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പ്രതികൾ ഉപേക്ഷിച്ച മരത്തടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 1986-ൽ സുഗന്ധഗിരി ഏലം പദ്ധതിയുടെ ഭാഗമായി നൽകിയ ഭൂമിയിൽ നിന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി പതിച്ചുനൽകി.