മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 3.5 കിലോ സ്വർണം കവർന്നു

 
Accident

മലപ്പുറം: കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. ജ്വല്ലറി ഉടമകളായ കിനാത്തിയിലെ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കവർച്ചക്കാർ ആക്രമിച്ച് സ്വർണം കവർന്നെടുത്തത്. ഇന്നലെ രാത്രി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

കാറിലെത്തിയ നാലംഗ സംഘമാണ് സ്‌കൂട്ടർ തട്ടി സ്വർണം കവർന്നത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. ഇവർ വീട്ടിലെത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു കവർച്ച. കാറിൽ നിന്നിറങ്ങിയ പ്രതികൾ യൂസഫിനെയും ഷാനവാസിനെയും കുരുമുളക് സ്‌പ്രേ ചെയ്തു.

എതിർക്കാൻ ശ്രമിച്ച യൂസഫിനെ ഇവർ മർദിച്ചു. തുടർന്ന് ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗും സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ബാഗും കൈക്കലാക്കി സ്ഥലം വിട്ടു.

കടയിൽ നിന്ന് ഇറങ്ങുമ്പോൾ കാർ പിന്തുടരുകയായിരുന്നുവെന്ന് യൂസഫും ഷാനവാസും പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ യൂസഫ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.