36 വർഷം, 300 ആഡംബര ഹോട്ടലുകൾ; 'ചാൾസ് ശോഭ്‌രാജിന്റെ തട്ടിപ്പ് ശൈലി' പിന്തുടർന്ന തമിഴ്നാട് സ്വദേശി ഒടുവിൽ പിടിയിൽ
മൂന്ന് പതിറ്റാണ്ടിലേറെക്കാലം രാജ്യത്തെ 300-ലധികം ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ തമിഴ്നാട് സ്വദേശി ഒടുവിൽ പൊലീസിന്റെ പിടിയിലായി. ചാൾസ് ശോഭ്‌രാജിന്റെ തട്ടിപ്പ് രീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
സമ്പന്നനായ വ്യവസായിയോ ഉന്നത ഉദ്യോഗസ്ഥനോ എന്ന വ്യാജേന ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്തിരുന്ന ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകളും കൃത്രിമ രേഖകളും ഉപയോഗിച്ച് ജീവനക്കാരുടെ വിശ്വാസം നേടിയെടുക്കുമായിരുന്നു. ദിവസങ്ങളോളം ആഡംബര സൗകര്യങ്ങൾ ഉപയോഗിച്ചശേഷം ബിൽ അടയ്ക്കാതെ കടന്നുകളയുകയായിരുന്നു പതിവ്.
36 വർഷത്തോളം വിവിധ സംസ്ഥാനങ്ങളിലായി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ പ്രതിയെ ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നിരവധി ഹോട്ടലുകളെ വൻ സാമ്പത്തിക നഷ്ടത്തിലാഴ്ത്തിയ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.