1000 പേർക്ക് ഓഡിറ്റോറിയത്തിൽ 4000 പേർ; കുസാറ്റ് അപകട കാരണം വിശദീകരിക്കുന്ന പോലീസ് റിപ്പോർട്ട്
കൊച്ചി: കുസാറ്റ് ദുരന്തത്തിന് കാരണം ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ആളുകളുണ്ടെന്ന് പോലീസ് ഹൈക്കോടതിയിൽ. ആയിരം പേരെ മാത്രം ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേർ എത്തിയിരുന്നു. കച്ചേരിയിൽ പങ്കെടുക്കാൻ കാമ്പസിന് പുറത്തുനിന്നും ആളുകൾ എത്തിയിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണം സംഘാടകർക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല.
ഓഡിറ്റോറിയത്തിലേക്കുള്ള ഗോവണിപ്പടിയുടെ നിർമാണത്തിലെ അപാകവും അപകടത്തിനു കാരണമായതായി തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കാത്തതിനെയും റിപ്പോർട്ടിൽ വിമർശിക്കുന്നു.
കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സമർപ്പിച്ച ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹരജി ജനുവരി 18ന് വീണ്ടും പരിഗണിക്കും.കുസാറ്റിൽ 80 സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹർജി നൽകിയത്. പരിപാടിയുടെ സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ അയച്ച കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
സർവകലാശാലകളിലെ ആഘോഷങ്ങൾ സംബന്ധിച്ച് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ രജിസ്ട്രാർ അവഗണിച്ചതായി ഹർജിയിൽ പറയുന്നു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനുള്ളിലെ ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച സംഗീത നിശയിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
മഴ പെയ്തപ്പോൾ തിയേറ്ററിൽ കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമുള്ള ആംഫി തിയേറ്ററിലേക്ക് മഴ പെയ്തപ്പോൾ റോഡിൽ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകട കാരണം. തിക്കിലും തിരക്കിലും പെട്ട് ഗേറ്റിന് അപ്പുറത്തുള്ള പടികളിൽ നിന്നവർ താഴേക്ക് വീഴുകയും കൂടുതൽ ആളുകൾ മുകളിലേക്ക് വീഴുകയും ചെയ്തു.
ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് നാല് പേർ മരിച്ചത്. രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശിനി ആനി റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, കുസാറ്റ് വിദ്യാർഥിയല്ലാത്ത പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.