ഒരു ദിവസം കേരളത്തിൽ 5,104 മിന്നലുകൾ; മലപ്പുറത്ത് മാത്രം 939, കോട്ടയത്ത് 440
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 5,104 മിന്നലുകൾ രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ. ഒക്ടോബർ 6ന് രാവിലെ 10.13ന് പുറത്തുവന്ന റിപ്പോർട്ടിലാണ് സംസ്ഥാനത്തെ മിന്നൽക്കണക്കുകളുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മിന്നലുകൾ രേഖപ്പെടുത്തിയത്—939 എണ്ണം. ഇടുക്കിയിൽ 542 മിന്നലുകളും കോട്ടയത്ത് 440 മിന്നലുകളും രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണക്കുകൾ ആശങ്ക ഉയർത്തുന്നതാണ്.
ഞായറാഴ്ച കോട്ടയം ഭരണങ്ങാനം മേലമ്പാറയിൽ തളച്ചിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ മിന്നലേറ്റ് ചരിഞ്ഞിരുന്നു. സംസ്ഥാനത്ത് ശക്തമായ മിന്നൽ പ്രവർത്തനം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സംഭവവും ശ്രദ്ധ നേടുന്നത്.
അന്തരീക്ഷത്തിലെ ഈർപ്പം, പകൽസമയത്തെ ചൂട്, കൂറ്റൻ കാർമേഘങ്ങളുടെ രൂപീകരണം തുടങ്ങിയവയാണ് ശക്തമായ മിന്നലിന് അനുകൂല സാഹചര്യമൊരുക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ വിശദീകരിക്കുന്നു.
മഴയും ഇടിമിന്നലും ശക്തമാകുന്ന സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു കീഴിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.