75-ാമത് ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റ് ഏപ്രിൽ 17 മുതൽ കൊച്ചിയിൽ
Apr 14, 2026, 18:58 IST
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി മുടക്കമില്ലാതെ നടന്നുവരുന്ന ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റിന്റെ 75-ാം പതിപ്പിന് ഏപ്രിൽ 17-ന് കൊച്ചിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം ടീമുകൾ ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
എറണാകുളം ബ്രിഡ്ജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോട്ടസ് ക്ലബ്ബും മുത്തൂറ്റ് ഫിനാൻസും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 17 മുതൽ 19 വരെ കൊച്ചി വാരിയം റോഡിലുള്ള ലോട്ടസ് ക്ലബ്ബിലാണ് മത്സരങ്ങൾ നടക്കുക.
ഫെഡറൽ ബാങ്ക്, എസ്.വി.പി.എൽ പുള്ളിക്കാനം പ്രീമിയർ, എസ്.വി.പി.എൽ പുള്ളിക്കാനം ഗോൾഡ് മൗണ്ടൻ എന്നിവരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ. പ്രശസ്ത ബ്രിഡ്ജ് കളിക്കാരായിരുന്ന ചക്കിയത്ത് ശങ്കരമേനോൻ, വി.ബി.എം. ബാവ എന്നിവരുടെ കുടുംബങ്ങളാണ് വിജയികൾക്കുള്ള ട്രോഫികൾ നൽകുന്നത്.
ടീം ഓഫ് ഫോർ ഡ്യൂപ്ലിക്കേറ്റ്, പ്രോഗ്രസ്സീവ് ഡ്യൂപ്ലിക്കേറ്റ്, പെയേഴ്സ് ഐഎംപി, എംപി തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക. എല്ലാ വിഭാഗങ്ങളിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശന ഫീസ് ടീം ഓഫ് ഫോർ ഡ്യൂപ്ലിക്കേറ്റ് വിഭാഗത്തിന് 3000 രൂപയും ബോർഡ് എ മാച്ചിന് 2000 രൂപയും ഐഎംപി, എംപി പെയേഴ്സ് വിഭാഗങ്ങളിൽ ഒരു ജോഡിക്ക് 800 രൂപ വീതവുമാണ്.
സി.എം. ആന്റണി, പ്രൊഫ. മധുകർ റാവു, സാമി ഹല്ലെഗുവ, ഗമ്മി സേലം, അഫ്ഷർ മജീദ് തുടങ്ങിയ പ്രമുഖ താരങ്ങൾ ലോട്ടസ് ക്ലബ്ബിന് ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ചവരാണെന്ന് ഭാരവാഹികൾ പറഞ്ഞു. ലോട്ടസ് ക്ലബ്ബിന്റെയും ഇഡിബിഎയുടെയും പ്രസിഡന്റായ ജോസഫ് കുര്യൻ പൂപ്പള്ളി, സംഘാടക സമിതി ചെയർമാൻ അഫ്ഷർ മജീദ്, അംഗങ്ങളായ പ്രൊഫ. റോബിൻസ് ജേക്കബ്, വിജയൻ കരുമത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.