വിശ്വശാന്തിക്കായി 8000 കിലോമീറ്റർ കാൽനടയാത്രചെയ്ത് സന്നിധാനത്ത്
ശബരിമല: വിശ്വശാന്തിക്കായുള്ള പ്രാർഥനയുമായി വടക്കേ ഇന്ത്യനിന്ന് എണ്ണായിരത്തോളം കിലോമീറ്റർ കാൽനടയാത്രചെയ്ത് ശബരിമല സന്നിധാനത്ത് എത്തി രണ്ട് ഭക്തർ. കാസർകോട് കുഡ്‌ലു രാംദാസ് നഗർ സ്വദേശികളായ സനത്കുമാർ നായക്, സമ്പത്ത്കുമാർ ഷെട്ടി എന്നിവരാണ് 223 ദിവസം കാൽനടയായി യാത്രചെയ്ത് അയ്യപ്പസന്നിധിയണഞ്ഞത്.
ബദ്‌രിനാഥിൽനിന്ന് തുടങ്ങി വിവിധ തീർഥാടനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും സന്ദർശിച്ചാണ് ഇവർ ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്ത് എത്തിയത്. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങൾ സന്ദർശിച്ച് മറ്റ് തീർഥാടനകേന്ദ്രങ്ങളും യാത്രയിൽ ഇവർ സന്ദർശിച്ചു. മേയ് 26ന് ട്രെയിൻ മാർഗം കാസർകോട് നിന്ന് തിരിച്ച ഇവർ ബദരിനാഥിൽ എത്തുകയും, ജൂൺ 2 ന് കെട്ട്‌നിറച്ച് മൂന്നിന് അവിടെനിന്ന് കാൽനടയായി തിരിച്ചു. അയോധ്യ, ഉജ്ജയിനി, ദ്വാരക, പുരി ജഗന്നാഥ്, രാമേശ്വരം, അച്ചൻകോവിൽ, എരുമേലി വഴിയാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ ക്ഷേത്രങ്ങളിൽ തങ്ങുകയും, അവിടുത്തെ ഭക്ഷണം കഴിക്കുകയും, മറ്റു സ്ഥലങ്ങളിൽ പാചകം ചെയ്തു കഴിച്ചുമാണ് യാത്ര തുടർന്നത്.
സന്നിധാനത്ത് എത്തിയ സനത്കുമാർ നായകിനെയും സമ്പത്ത്കുമാർ ഷെട്ടിയെയും ചുക്കുവെള്ളം നൽകി സ്‌പെഷ്യൽ ഓഫീസർ പ്രവീൺ, അസി. സ്‌പെഷ്യൽ ഓഫീസർ ഗോപകുമാർ എന്നിവർ സ്വീകരിച്ചു.