കേരളത്തിലെ മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള റേഷൻ കാർഡ് ഉടമകളിൽ 90% പേരും മസ്റ്ററിംഗ് നഷ്‌ടപ്പെടുത്തി

 
Ration Card
Ration Card

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് നടത്തുന്നതിന് കേന്ദ്രസർക്കാർ നിർദേശിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. എന്നാൽ, കേരളത്തിലെ 1.54 കോടി അംഗങ്ങളിൽ 10 ശതമാനം പോലും മസ്റ്ററിങ് പൂർത്തിയാക്കിയിട്ടില്ല.

മാർച്ച് 15ന് മസ്റ്ററിങ് നടത്താൻ ശ്രമിച്ചെങ്കിലും ഇലക്ട്രോണിക് പോയിൻ്റ് ഓഫ് സെയിൽ (ഇ-പിഒഎസ്) സംവിധാനത്തിലെ തകരാർ കാരണം അന്നുതന്നെ മസ്റ്ററിങ് നിർത്തിവെക്കേണ്ടി വന്നു. മേയ് 31 വരെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് കേന്ദ്രത്തിന് പലതവണ കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

കേന്ദ്രം നിർദേശിച്ച സമയപരിധി അവസാനിച്ചാലും റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വിഹിതം നഷ്ടപ്പെടില്ലെന്ന് വകുപ്പ് അറിയിച്ചു.

എല്ലാ അംഗങ്ങളും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ അംഗങ്ങൾ നേരിട്ട് റേഷൻ കടകളിലെത്തി ഇ-പോസ് മെഷീനിൽ വിരൽ വച്ചു മസ്റ്ററിങ് നടത്താനും അതുവഴി റേഷൻ സാധനങ്ങളുടെ ദുരുപയോഗം തടയാനും കേന്ദ്രം നിർദേശിച്ചിരുന്നു.

റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം നിർദേശിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു.