പോക്സോ കേസ് അന്വേഷണം ത്വരിതപ്പെടുത്താന്‍ ഓരോ പോലീസ് ജില്ലകളിലും 16 അംഗ ടീം രൂപീകരിച്ചു

 
Pocso
Pocso

തിരുവനന്തപുരം: പോക്സോ കേസുകളിലുള്ള അന്വേഷണം ത്വരിതപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ ഇരുപതു പോലീസ് ജില്ലകളിലെയും ഡി.വൈ.എസ്.പി മാരുടെ കീഴില്‍ 16 അംഗ ടീം രൂപീകരിച്ച് ഉത്തരവായി. 

ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് ടീം രൂപീകരിക്കാന്‍ ഉത്തരവായത്.

ഉത്തരവ് പ്രകാരം ഓരോ ജില്ലയിലും പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിനായി ഡി.വൈ.എസ്.പിമാര്‍ക്ക് കീഴില്‍ രണ്ട് എസ് ഐ , രണ്ട് എ എസ് ഐ , ആറ്  എസ്.സി.പി.ഒ മാര്‍ , അഞ്ചു  സി.പി.ഒ മാര്‍ എന്നിങ്ങനെയാണ് 16 അംഗ ടീം. 

സുപ്രീം കോടതിയുടെ 2019 നവംബറിലെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി 2025 ഏപ്രിലില്‍ 304 തസ്തികകള്‍ രൂപവത്കരിച്ചിരുന്നു. 

ഇതിന്‍റെ ഭാഗമായി 16 പോലീസ് ജില്ലകളില്‍ നിലവിലുള്ള നാര്‍ക്കോട്ടിക് സെല്ലുകളെ  ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് എന്ന് പുനര്‍നാമകരണം ചെയ്തു. കൂടാതെ ഡി.വൈ.എസ്.പിമാര്‍ക്ക് അധിക ചുമതലയും നല്‍കി. നാര്‍ക്കോട്ടിക് സെല്‍ നിലവിലില്ലാത്ത തൃശൂര്‍ റൂറല്‍, തൃശൂര്‍ സിറ്റി, കൊല്ലം സിറ്റി , കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നാല് ഡി.വൈ.എസ്.പി തസ്തികകള്‍ സൃഷ്ഠിക്കുകയും ചെയ്തു.