മയക്കുമരുന്ന് കേസിൽ മോഡൽ അൽക്ക ബോണി ഉൾപ്പെടെ ആറംഗ സംഘം അറസ്റ്റിൽ

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

 
Crm

കൊച്ചി: മോഡൽ ഉൾപ്പെടെയുള്ള ആറംഗ സംഘം ലോഡ്ജിൽ മയക്കുമരുന്ന് വിൽപന നടത്തി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘത്തിലെ പ്രധാന കണ്ണികളായ ബോസിനും ഇക്കയ്ക്കും വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. വരാപ്പുഴ സ്വദേശിയും മോഡലുമായ അൽക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അൻസാരി (22), എം.സി.സൂരജ് (26), പാലക്കാട് സ്വദേശികളായ രഞ്ജിത് (24), മുഹമ്മദ് അസ്ഹർ (18), തൃശൂർ സ്വദേശി ഐ.ജി അതുൽ (18) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

വിൽപനയ്ക്കായി കൊണ്ടുവന്ന കൊക്കെയ്ൻ മെത്ത്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. വൈറ്റ് ഹൗസ് ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ കറുകപ്പള്ളിയിൽ പിടിയിലായത്. ആഷിഖിൻ്റെ പേരിലാണ് മുറിയെടുത്തത്.

കഴിഞ്ഞ 13 മുതൽ സംഘം ലോഡ്ജിൽ തങ്ങുകയായിരുന്നു. എളമക്കര പോലീസും ഡൻസഫും ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയപ്പോൾ ഇവർ മദ്യലഹരിയിലായിരുന്നു. പ്രതികളിലൊരാളുടെ മൊബൈൽ ഫോണിൽ നിന്ന് സിറിഞ്ചുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവയ്ക്കുന്ന ചിത്രങ്ങളും മയക്കുമരുന്ന് വിൽപ്പനക്കാരുടെ വിവരങ്ങളും കണ്ടെടുത്തു. സൂരജും രഞ്ജിത്തും മുമ്പ് നിരവധി മയക്കുമരുന്ന് കേസുകളിൽ കുടുങ്ങിയിട്ടുണ്ട്.

ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിൻ്റെ പ്രധാന കണ്ണികളാണ് ബോസും ഇക്കയും. പിടിയിലായ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ നിന്ന് മയക്കുമരുന്ന് കച്ചവടക്കാരെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു. പ്രതിദിനം കുറഞ്ഞത് പതിനയ്യായിരം രൂപയുടെ മയക്കുമരുന്നാണ് സംഘം വിതരണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.