അങ്കണവാടിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു
കണ്ണൂർ: അങ്കണവാടിയിൽ വീണ് മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്. കണ്ണൂരിലെ വെടിവെപ്പിൻചാലിലാണ് സംഭവം. അങ്കണവാടിയിലെ ജീവനക്കാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
കുട്ടിക്ക് പരിക്കേറ്റ വിവരം തങ്ങളെ അറിയിച്ചില്ലെന്നും അവർ ആരോപിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പോലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് കുട്ടി അംഗൻവാടിയിൽ വീണത്. കുട്ടിയെ എടുക്കാൻ എത്തിയപ്പോഴാണ് വീണ വിവരം അറിയുന്നത്. മുറിവിൽ മരുന്ന് പുരട്ടിയതായി ടീച്ചർ പറഞ്ഞു. വീട്ടിലെത്തിയ കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആഴത്തിലുള്ള മുറിവിനെക്കുറിച്ച് അറിയുന്നത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അങ്കണവാടി ജീവനക്കാരാണ് കുട്ടിയെ ചികിത്സിച്ചതെന്നും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും പിതാവ് ആരോപിച്ചു.