ഒരാഴ്ച മുമ്പ് വിവാഹമോചിതയായ യുവതി മകനോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

 
Train

തിരുവനന്തപുരം: മകനോടൊപ്പം ഓടുന്ന ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു. പാറശ്ശാല കോട്ടമം മഞ്ചാടി മറുതലക്കൽവിള വീട്ടിൽ ജാർമി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ അഞ്ച് വയസ്സുള്ള മകൻ ആദിഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് കോട്ടമം വൃദ്ധസദനത്തിനു സമീപമായിരുന്നു സംഭവം.

ട്രാക്കിന് സമീപം മകനോടൊപ്പം നടന്നുപോകുകയായിരുന്ന ജാർമി ഓടുന്ന ട്രെയിൻ വന്നപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നു. സ്റ്റോപ്പിന് ശേഷം പുറപ്പെടുമ്പോൾ തീവണ്ടി വേഗത കുറവായിരുന്നു. തീവണ്ടി ഇരുവരെയും ഇടിച്ചു വീഴ്ത്തി. തലക്കേറ്റ പരുക്കാണ് മരണകാരണം. ഒരാഴ്ച മുമ്പാണ് ഭർത്താവുമായി വിവാഹമോചനം നേടിയത്.

കഴിഞ്ഞ ദിവസം കൊല്ലത്ത് തീവണ്ടി തട്ടി ഒരാൾ മരിച്ചിരുന്നു. സർവീസിൽ നിന്ന് വിരമിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കെഎസ്ഇബി ലൈൻമാൻ ചാത്തിനാംകുളം പള്ളി തെക്കത്തിൽ ഹൗസിൽ തുളസീധരൻ (56) ട്രെയിനിടിച്ച് മരിച്ചു. പെരിനാട് റെയിൽവേ സ്റ്റേഷന് വടക്ക് പ്ലാറ്റ്‌ഫോമിൻ്റെ അറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.

വന്ദേ ഭാരത് അടിച്ചതാണെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു. കോവിൽമുക്ക്-കാഞ്ഞിരംകുഴി ഭാഗത്തെ ലൈൻമാനാണ് തുളസീധരൻ. രാത്രി ഡ്യൂട്ടി കഴിഞ്ഞ് കോവിൽമുക്കിലേക്ക് പോകുമ്പോൾ ട്രെയിൻ ഇടിച്ചതാകാമെന്നാണ് കരുതുന്നത്.