പട്ടാപകൽ നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി

ആലുവ: ആലുവ നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഏഴരയോടെ തിരക്കേറിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിൽ വച്ചാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
അരമണിക്കൂറോളം റോഡരികിൽ കാർ നിർത്തിയ സംഘം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ യുവാവിനെ ബലമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നോവ കാറിലാണ് സംഘം എത്തിയത്. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം നഗരത്തിൽ സമാനമായ സംഭവം നടന്നിരുന്നു. തട്ടിക്കൊണ്ടുപോയ ആളെ പിന്നീട് ആലപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത്.