അപകട മരണം: ബൈപാസിൽ വെൺപാലവട്ടം മേൽപാലത്തിന്റെ കൈവരി പൊക്കം കൂട്ടുന്നത് പരിഗണിക്കണം - മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : ലുലുമാളിന് സമീപം ബൈപാസിലെ മേൽപാലത്തിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി മേൽപാലത്തിന്റെ കൈവരിയുടെ പൊക്കക്കുറവ് കാരണം സർവീസ് റോഡിലേക്ക് വീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൈവരിയുടെ പൊക്കംകൂട്ടണമെന്നതുൾപ്പെടെയുള്ള റോഡ് സുരക്ഷാ കമ്മീഷണറുടെ ശുപാർശകൾ നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി ദേശീയപാതാ അതോറിറ്റി അധികൃതരുടെ ഒരു യോഗം ജില്ലാ കളക്ടർ വിളിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വെൺപാലവട്ടം മേൽപ്പാലത്തിൽ സംഭവിച്ച അപകടം സുരക്ഷാപ്രോട്ടോക്കോൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതായി റോഡ് സുരക്ഷാ കമ്മീഷണർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2024 ജൂലൈ ഒന്നിനാണ് അപകടമുണ്ടായത്. സ്കൂട്ടറിന്റെ ബാലൻസ് തെറ്റിയപ്പോൾ മേൽപ്പാലത്തിൽ നിന്നും സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. കൈവരിയുടെ പൊക്കകുറവു കാരണമാണ് അപകടമുണ്ടായതെന്ന് പരാതിക്കാരനായ പൊതുപ്രവർത്തകൻ സബീർ തൊളിക്കുഴി പറഞ്ഞു.