മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : മന്ത്രി.ജെ ചിഞ്ചുറാണി

 
chinju

തിരുവനന്തപുരം: സെപ്റ്റംബർ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെൻസസിനോടനുബന്ധിച്ചു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച ജില്ലാ തല നോഡൽ ഓഫീസർമാർക്കും  എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും ഉള്ള പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ശരിയായ രീതിയിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും ഇത്തരത്തിൽ  ശേഖരിക്കുന്ന വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ മേഖലയിലെ വികസന പരിപാടികളിൽ തീരുമാനങ്ങൾ എടുക്കുവാൻ സർക്കാരിനേയും ഇതര ഏജൻസികളേയും സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.സിന്ധു കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ശ്രീ. ബി ശ്രീകുമാർ, പ്ലാനിങ് ബോർഡ് അഗ്രി. ചീഫ് ശ്രീ എസ്. എസ്. നാഗേഷ്, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ.സുനിൽകുമാർ.ആർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ഡോ.ശിവദുർഗ, ഡോ. അജിത്ബാബു, ഡോ. ശ്രീകുമാർ പി എസ്, സ്റ്റാറ്റിസ്റ്റിക്സ് ജോയിന്റ് ഡയറക്ടർ ശ്രീ. ശ്രീജൻ വി കെ എന്നിവർ സംസാരിക്കുകയും ചെയ്തു.

  2024 സെപ്റ്റംബർ 2 മുതൽ ഡിസംബർ 31 വരെ നടക്കുന്ന  ഇരുപത്തിയൊന്നാമതു കന്നുകാലി സെൻസസ് പ്രവൃത്തികൾക്കായി  മൃഗസംരക്ഷണ വകുപ്പിൽ നിന്നും  3500 ലധികം  എന്യൂമറേറ്റമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കേരളത്തിലെ 1 കോടി 6 ലക്ഷത്തോളം വരുന്ന  വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു നാട്ടാന ഉൾപ്പെടെയുള്ള വിവിധയിനം വളർത്തു മൃഗങ്ങളുടെയും  കോഴിവര്‍ഗ്ഗത്തിൽപെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങളോടൊപ്പം അറവുശാലകൾ, കശാപ്പുശാലകൾ, മാംസസംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ മുതലായവയുടെ വിവരങ്ങളും  ശേഖരിക്കുന്നതാണ്.