ബലാത്സംഗം ഉൾപ്പെടെ അമ്പതോളം കേസുകളിൽ പ്രതി

അനുവിനെ ക്രൂരമായി കൊലപ്പെടുത്തിയ മുജീബ് റഹ്മാൻ അറസ്റ്റിൽ
 
Anu

കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ അനു(26)യുടെ മരണവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ അറസ്റ്റിൽ. ബലാത്സംഗം ഉൾപ്പെടെ 50 കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുജീബ് റഹ്മാൻ. സംഭവസമയത്ത് ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് മലപ്പുറം എടവണ്ണപ്പാറയിൽ നിന്ന് പോലീസ് കണ്ടെടുത്തു. മട്ടന്നൂരിൽ നിന്നാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്.

കൊല്ലപ്പെട്ട അനുവിൻ്റേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. കാൽമുട്ട് വരെ മാത്രം വെള്ളമുള്ള കനാലിൽ അർദ്ധനഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അനുവിൻ്റെ കൊലപാതകത്തിൻ്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല.

ഇത്രയധികം വീടുകളും ജനങ്ങളുമുള്ള പ്രദേശത്ത് പകൽ വെളിച്ചത്തിൽ എങ്ങനെയാണ് ഇത്രയും ക്രൂരമായ കൊലപാതകം നടന്നതെന്ന സംശയത്തിലാണ് ഏവരും. രാവിലെ 9.30-10ഓടെയാണ് അനു വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയത്ത് വിദ്യാർഥികളും യാത്രക്കാരും ഇറങ്ങിപ്പോയതിനാൽ തിരക്ക് കുറവായിരുന്നു. ഈ സമയത്താകാം പ്രതി കുറ്റം ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ കനാലിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ ഒരു വീടുണ്ട്. അന്ന് അവിടെ ആരും ഉണ്ടായിരുന്നില്ല. ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഇവർ. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് അഞ്ച് മിനിറ്റ് മാത്രം അകലെയാണ് അനുവിൻ്റെ വീട്.

പ്രതി മുജീബ് റഹ്മാൻ അനുവിന് ബൈക്കിൽ ലിഫ്റ്റ് നൽകിയെന്ന് നാട്ടുകാർ പറഞ്ഞു. തിരക്ക് കുറഞ്ഞ സ്ഥലത്തായിരിക്കാം ഇയാൾ കുറ്റം ചെയ്തതെന്ന് അവർ പറഞ്ഞു. ഹെൽമറ്റ് മാസ്‌കും കയ്യുറയും ധരിച്ചായിരുന്നു പ്രതിയുടെ യാത്ര.

ഭർത്താവിന്റെ അടുത്തേയ്ക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയ അനുവിനെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. തുടർന്ന് ഭർത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അനുവിൻ്റെ മൃതദേഹം കനാലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

അവളുടെ ശരീരം അർദ്ധനഗ്നമായിരുന്നു. അവളുടെ ആഭരണങ്ങൾ കാണാതായി. ഇവരുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടുവരെ വെള്ളമുള്ള കനാലിൽ മുങ്ങിമരിച്ചതല്ലെന്ന് സ്ഥിരീകരിച്ചതോടെ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു.

പ്രദേശത്ത് കണ്ട ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. മലപ്പുറം സ്വദേശിയുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.