പത്മജയ്ക്ക് പിന്നാലെ മുൻ കായികതാരം പദ്മിനി തോമസും ബിജെപി വിട്ടു; കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനം
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ മുൻ ഇന്ത്യൻ കായികതാരവും അർജുന അവാർഡ് ജേതാവുമായ പദ്മിനി തോമസും ബിജെപി വിട്ടു. കോൺഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും വെള്ളിയാഴ്ച തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറുമെന്നും അവർ അറിയിച്ചു.
ബിജെപിയിൽ ചേർന്നിട്ട് രണ്ടുവർഷമായെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്നും പാർട്ടി നേതൃത്വം നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും പദ്മിനി ആരോപിച്ചു. കായികരംഗത്തും രാഷ്ട്രീയത്തിലും പ്രവർത്തിക്കാൻ അവസരം പ്രതീക്ഷിച്ചാണ് ബിജെപിയിൽ ചേർന്നത്. എന്നാൽ പാർട്ടിയിൽ കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും ലഭിച്ചില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ യാഥാർഥ്യമായില്ലെന്നും അവർ പറഞ്ഞു.
ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായിരുന്നുവെന്നും കോൺഗ്രസ് തന്റെ കുടുംബമാണെന്നും പദ്മിനി വ്യക്തമാക്കി. യാതൊരു സ്ഥാനമാനങ്ങളും ആവശ്യപ്പെടാതെയാണ് കോൺഗ്രസിലേക്ക് മടങ്ങുന്നതെന്നും അറിയിച്ചു. ചൊവ്വാഴ്ച കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. പത്മജ വേണുഗോപാൽ ബിജെപി വിട്ടതിന് തൊട്ടുപിന്നാലെ പദ്മിനിയുടെ രാജിയും കേരളത്തിലെ രാഷ്ട്രീയരംഗത്ത് ചർച്ചയായിരിക്കുകയാണ്.