മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ എഐക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല: അഭിമന്യു സക്‌സേന

 
kochi

കൊച്ചി:മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ നിര്‍മ്മിതബുദ്ധിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഇന്റര്‍വ്യൂ ബിറ്റ് ആന്‍ഡ് സ്‌കെയ്‌ലര്‍ കോ- ഫൗണ്ടര്‍ അഭിമന്യു സക്‌സേന പറഞ്ഞു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''മെഷീന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് മനുഷ്യന്‍ കൊടുക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നാട്ടില്‍ യന്ത്രവല്‍ക്കരണം വന്നു എന്ന കാരണം കൊണ്ട് ആരുടെയെങ്കിലും ജോലി പോയതായിട്ട് അറിയുമോ? അതുപോലെത്തന്നെയാണ് എഐയും. എഐ വന്നത് കൊണ്ട് ഇവിടെ മാന്‍പവര്‍ വേണ്ടി വരില്ല എന്ന് പറയാന്‍ കഴിയില്ല. എഐക്ക് ഒരു കാര്‍ നിര്‍മ്മിക്കാന്‍ കഴിയും, പക്ഷേ അതിന്റെ ഗുണമേന്മ നിശ്ചയിക്കാന്‍ കഴിയില്ല''- അഭിമന്യു പറഞ്ഞു.
പഠിക്കുന്നതിനൊപ്പം തന്നെ സംരംഭകനായ വ്യക്തിയാണ് അഭിമന്യു സക്‌സേന. ഐഐടി ഹൈദരാബാദില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന സമയത്താണ് അഭിമന്യു ഇന്റര്‍വ്യൂ ബിറ്റ് ആന്‍ഡ് സ്‌കെയ്‌ലര്‍ സഹസ്ഥാപകനായി ജോയിന്‍ ചെയ്തത്.