എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ പണിമുടക്ക് വീണ്ടും പ്രവാസികളെ ബാധിച്ചു, വ്യാപക പ്രതിഷേധം
കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും പ്രവാസി മലയാളികൾക്ക് തിരിച്ചടി നൽകി. ഗൾഫിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. നെടുമ്പാശേരി കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണിത്. നെടുമ്പാശേരിയിൽ നിന്ന് ദമാമിലേക്കുള്ള 8.35നും ബഹ്‌റൈനിലേക്കുള്ള 9.30നുമുള്ള വിമാനങ്ങൾ റദ്ദാക്കി. കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി.
മസ്‌കറ്റ്, റിയാദ് വിമാനങ്ങൾ റദ്ദാക്കി. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതർ അറിയിച്ചു. കരിപ്പൂരിൽ നിന്ന് 8.25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്. നിരവധി യാത്രക്കാരെ ഞെട്ടിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ തീരുമാനം.
ഇന്നലെയും സർവീസുകൾ റദ്ദാക്കി. ഇന്നലെ കൊച്ചിയിൽ നിന്നുള്ള ആറ് വിമാനങ്ങൾ നിർത്തിവച്ചു. ബെംഗളൂരു കൊൽക്കത്ത, ഹൈദരാബാദ് വിമാനങ്ങൾ റദ്ദാക്കി. ഷാർജ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള കൊച്ചി സർവീസുകളും നിർത്തിവച്ചു.
കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ സർവീസുകൾ ഇന്നലെ റദ്ദാക്കി. റാസൽഖൈമ മസ്‌കറ്റ്, ബെംഗളൂരു വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നു. രണ്ട് ദിവസം കൂടി റദ്ദാക്കൽ തുടരും.
അതേസമയം തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസുകൾ മുടങ്ങിയില്ല. ജീവനക്കാരുടെ സമരം പിൻവലിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നത് യാത്രക്കാരിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
പണിമുടക്കിയ ജീവനക്കാർ തിരിച്ചെത്തിയാലുടൻ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജീവനക്കാർ ജോലിയിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ജോലി പുനരാരംഭിക്കുന്നതിന് ക്യാബിൻ ക്രൂവിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്രസർക്കാരിൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പിലെത്തി. ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) സാന്നിധ്യത്തിൽ എംപ്ലോയീസ് അസോസിയേഷനും എയർ ഇന്ത്യയുടെ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. കരാർ പ്രകാരം 30 ജീവനക്കാരുടെ പിരിച്ചുവിടലും റദ്ദാക്കി.