എ.കെ.ജി സെന്റർ ഭൂമി അളക്കൽ ഇന്ന്; റവന്യൂ സംഘം നടപടികൾ ആരംഭിക്കും

 
Kerala

തിരുവനന്തപുരം: എ.കെ.ജി സെന്ററിനായി ഉപയോഗിക്കുന്ന ഭൂമി അളക്കുന്നതിനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. കേരള സർവകലാശാലയുടെ ഭൂമി അനധികൃതമായി കൈയേറിയാണ് എ.കെ.ജി സെന്റർ നിർമിച്ചതെന്ന ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ ഉത്തരവിട്ടത്.

ഹൈക്കോടതി നിർദേശപ്രകാരം രാവിലെ 10 മണിക്ക് തിരുവനന്തപുരം തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഭൂമി അളക്കും. ഭൂമി അളക്കുന്ന സമയത്ത് എ.കെ.ജി സെന്റർ പ്രതിനിധിയും സ്ഥലത്ത് ഉണ്ടായിരിക്കണമെന്നാണ് നിർദേശം.

1977ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ കാലത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചിരുന്നു. എന്നാൽ പഠന ഗവേഷണ കേന്ദ്രത്തിന് പകരം സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം.

ഭൂമിയുടെ ഉപയോഗം സംബന്ധിച്ച തർക്കത്തിലാണ് നിലവിലെ നടപടി. സർവകലാശാലയുടെ ഭൂമി നിയമാനുസൃതമായാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലമളക്കുന്നത്.

യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാറാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് റവന്യൂ വകുപ്പിന് അടിയന്തരമായി ഭൂമി അളക്കാനുള്ള നിർദേശം ലഭിച്ചത്.