സമസ്ത വഴങ്ങുന്നു; സ്കൂൾ സമയക്രമത്തിൽ മാറ്റം തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു


തിരുവനന്തപുരം: സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ മാനേജ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മിക്ക സംഘടനകളും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തതായി മന്ത്രി പറഞ്ഞു.
"സമയമാറ്റവുമായി ബന്ധപ്പെട്ട് ചില പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് അസോസിയേഷനുമായി ഒരു യോഗം വിളിച്ചു. എല്ലാവരുടെയും അഭിപ്രായം കേട്ടു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സർക്കാർ യോഗത്തിൽ വിശദീകരിച്ചു. ഭൂരിപക്ഷം പേരും തീരുമാനത്തെ സ്വാഗതം ചെയ്തു. ചിലർ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചു. അതിന്റെ ബുദ്ധിമുട്ടുകൾ അവരെ അറിയിച്ചു. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ, അടുത്ത അധ്യയന വർഷം അവ പരിശോധിക്കും," മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുമായുള്ള ചർച്ചകളിൽ തൃപ്തിയുണ്ടെന്ന് സമസ്ത പ്രതികരിച്ചിരുന്നു. അടുത്ത അധ്യയന വർഷത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ചർച്ചകൾ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഉമർ ഫൈസി മുക്കം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതാണെന്നും മദ്രസ സമയക്രമത്തിൽ മാറ്റമില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം.