'സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തുന്ന എല്ലാ വഴികളും അടയ്ക്കും'; ഓപ്പറേഷൻ തൂഫാന്റെ അടുത്തഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി
കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന എല്ലാ പഴുതുകളും അടയ്ക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ' അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, കേന്ദ്ര ഏജൻസികളുമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായും ചേർന്നുള്ള ഏകോപിത നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
റോഡ്, റെയിൽ, വ്യോമ, ജലമാർഗങ്ങൾ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനൊപ്പം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, കൊറിയർ സർവീസുകൾ, ട്രെയിനുകളിൽ നിന്ന് ഇടയ്ക്ക് മയക്കുമരുന്ന് ഇറക്കിവിടുന്ന പുതിയ രീതികൾ എന്നിവയും കർശന നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കുറിപ്പടി മരുന്നുകളുടെ ദുരുപയോഗവും പ്രത്യേകമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പരിശോധനകളും രഹസ്യാന്വേഷണ നടപടികളും തുടരുകയാണ്. അതിർത്തി മേഖലകളിലെ നിരീക്ഷണം ശക്തമാക്കുകയും, അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലകളെ തകർക്കുന്നതിനായി വിവിധ ഏജൻസികളുടെ സംയുക്ത പ്രവർത്തനം കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ലഹരിവിരുദ്ധ പോരാട്ടം പൊലീസ് നടപടികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, പൊതുജനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ മയക്കുമരുന്ന് മാഫിയയെ ഫലപ്രദമായി ചെറുക്കാനാകൂവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.