ആമേനിലെ നടൻ നിർമൽ ബെന്നി അന്തരിച്ചു
തിരുവനന്തപുരം: നടൻ നിർമ്മൽ ബെന്നി ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച അന്തരിച്ചു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. നിർമ്മാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവാർത്ത പങ്കുവെച്ചത്.
‘എൻ്റെ പ്രിയ സുഹൃത്തിനോട് വിടപറയുന്നു... എൻ്റെ ‘ദൂരം’ എന്ന ചിത്രത്തിലെ ആമേനിലെ കൊച്ചച്ചൻ വേഷവും അദ്ദേഹം അവതരിപ്പിച്ച കേന്ദ്രകഥാപാത്രവും. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരിച്ചത്. എൻ്റെ പ്രിയ സുഹൃത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിലൂടെയാണ് നിർമ്മൽ ശ്രദ്ധ നേടിയത്. ഒരു കൊച്ചച്ചൻ്റെ (ജൂനിയർ വൈദികൻ) വേഷം ചെയ്തു. 2012ൽ ‘നവഗതർക്ക് സ്വാഗതം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ആമേൻ, ദൂരം തുടങ്ങി അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. യൂട്യൂബ് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.