തെളിവ് നശിപ്പിച്ച കേസിൽ ആൻ്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി, വിചാരണ നേരിടണം
Nov 20, 2024, 12:44 IST
ന്യൂഡൽഹി: തെളിവ് നശിപ്പിക്കൽ കേസിൽ ആൻ്റണി രാജു എംഎൽഎയ്ക്ക് തിരിച്ചടി. കേസിൽ വിചാരണ നേരിടണമെന്ന് എംഎൽഎ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി പറഞ്ഞത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഡിസംബർ 20ന് ആൻ്റണി രാജു വിചാരണക്കോടതിയിൽ ഹാജരാകണം.ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി.
1990ൽ കേസുമായി ബന്ധപ്പെട്ട സംഭവം നടന്നെങ്കിലും 2024 വരെ കേസിൽ വിചാരണ പോലും നടന്നിട്ടില്ല. ജൂനിയർ അഭിഭാഷകനായിരിക്കെ ആൻ്റണി രാജു മയക്കുമരുന്ന് കേസിൽ തെളിവ് നശിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. കേസിൽ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ആൻ്റണി രാജുവാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
അതിനിടെ ആൻ്റണി രാജു കുറ്റം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.