നിരവധി പേരുടെ അന്തിമോപചാരം ഏറ്റുവാങ്ങിയശേഷം അർജുന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു

 
arjun

കോഴിക്കോട്: കർണാടകയിൽ ഉത്തരകന്നട ജില്ലയിലെ ഷിരൂരിൽ പുഴയിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായി, പിന്നീട് വീണ്ടെടുത്ത കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ (32) മൃതദേഹം ശനിയാഴ്ച ഉച്ച 12 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.  

പൊതുദർശനത്തിനുശേഷം സഹോദരൻ അഭിജിത്ത് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ജനപ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിനുപേർ അർജുന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. 

നേരത്തെ കാർവാറിൽ നിന്ന് മൃതദേഹവുമായി എത്തിയ ആംബുലൻസ്  കോഴിക്കോട് ജില്ലാ അതിർത്തിയായ  അഴിയൂരിൽ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ പുലർച്ചെ ആറു മണിക്ക് ഏറ്റുവാങ്ങി. തുടർന്ന് മന്ത്രി ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണാടിക്കലിലെ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നു. 

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പെ ഉൾപ്പെടെയുള്ളവർ ആംബുലൻസിനെ കാർവാറിൽ നിന്ന് അനുഗമിച്ചിരുന്നു. 

മന്ത്രി എ കെ ശശീന്ദ്രന് പുറമെ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, മേയർ ബീന ഫിലിപ്പ്, എംപിമാരായ എംകെ രാഘവൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ  തോട്ടത്തിൽ രവീന്ദ്രൻ, അഹ്മദ് ദേവർകോവിൽ, ലിന്റോ ജോസഫ്, കാനത്തിൽ ജമീല, കെ എം സച്ചിൻദേവ്, സതീഷ് കൃഷ്ണ സെയിൽ, എ കെ എം അഷ്‌റഫ്‌, കെ കെ രമ, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ഗവാസ്,  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ അ ന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിയ്ക്ക് വേണ്ടി മന്ത്രി ശശീന്ദ്രനും സംസ്ഥാന സർക്കാരിന് വേണ്ടി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങും മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. 

അർജുനെ അവസാനമായി കാണാൻ എത്തിച്ചേർന്ന നൂറുകണക്കിന് പേര് വരി നിന്ന് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് വീടിന് പിൻവശത്തെ സ്ഥലത്ത് മൃതദേഹം  സംസ്കരിച്ചു.