കെയറിംഗ് ഫോര്‍ എ സീനിയര്‍' വാക്കത്തോണില്‍ പങ്കാളികളായി മുന്നൂറോളം പേര്‍

 
Kochi

കൊച്ചി: അതുല്യ സീനിയര്‍ കെയര്‍  ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 'കെയറിംഗ് ഫോര്‍ എ സീനിയര്‍' വാക്കത്തോണ്‍ സംഘടിപ്പിച്ചു. മുന്നൂറിലധികം വ്യക്തികള്‍ പങ്കെടുത്ത വാക്കത്തോണ്‍  മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയര്‍  ജെറിയാട്രിഷ്യന്‍ ഡോ. ജിനോ ജോയ് ഫ്‌ളാഗ് ഓഫ് ചെയ്തു.മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ജീവിതപാലനവും ലക്ഷ്യമാക്കിയാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്. 

രാവിലെ ആറിന് ആരംഭിച്ച വാക്കത്തോണില്‍ വിവിധ മേഖലകളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരുന്നു വാക്കത്തോണ്‍. വയോജനങ്ങള്‍ അഭിമുഖീകരിക്കുന്ന  വെല്ലുവിളികള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക, വൃദ്ധജന പരിപാലനത്തില്‍ നാം പുലര്‍ത്തേണ്ട ശ്രദ്ധ എന്നിവയെ ഓര്‍മപ്പെടുത്തുക തുടങ്ങിയവയും വാക്കത്തോണിന്റെ ലക്ഷ്യമായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 

വാക്കത്തോണിലെ ജന പങ്കാളിത്തം സമൂഹത്തിന്റെ വയോജന പരിചരണത്തെക്കുറിച്ചുള്ള അവബോധമാണ് സൂചിപ്പിക്കുന്നതെന്നും  വയോജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അതുല്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് വാക്കത്തോണെന്നും അതുല്യ സീനിയര്‍ കെയറിന്റെ സിഇഒയും സ്ഥാപകനുമായ ജി. ശ്രീനിവാസന്‍  പറഞ്ഞു. ഇത്തരം ഉദ്യമങ്ങളിലൂടെ നല്ല സാമൂഹ്യ ബന്ധങ്ങള്‍ സ്ഥാപിക്കാനും  ജീവിതത്തിന് അനുയോജ്യമായ ഒരു സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.