അശ്വിനി വധക്കേസ്: സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാൻ കാരണം. പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതാണ് പട്ടാപകൽ നടന്ന ഭീകരമായ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിടാൻ കാരണം. മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് ഭീകരവാദ സംഘടന നടത്തിയ കൊലപാതകമായിരുന്നു അശ്വിനിയുടേത്.
എന്നാൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചത്. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. അശ്വിനികുമാറിന്റെ മാതാവ് കേസ് എൻഐഎക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇത് എതിർക്കുകയായിരുന്നു. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ സത്യവാങ്മൂലത്തിലും എൻഐഎ അന്വേഷണത്തെ എതിർത്തു. കുറ്റവാളികളെ രക്ഷിക്കുവാൻ വേണ്ടിയാണ് പൊലീസ് ശ്രമിച്ചത്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് വ്യക്തമായത്. അങ്ങേയറ്റം നിരാശാജനകമായ വിധിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണി സംവിധാനങ്ങളിൽ മാറ്റം വരുത്തും
മൂന്നു ഉപതെരഞ്ഞെടുപ്പുകൾ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് കാരണമാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. ഇരുവർക്കും വലിയ തിരിച്ചടി നേരിടുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ഈ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നേറ്റം സംസ്ഥാനത്ത് എൽഡിഎഫിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിക്കു കാരണമാകും. നവംബർ 23 കഴിയുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ്- യുഡിഎഫ് മുന്നണി സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് മുന്നണിഘടനയെ തന്നെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഇത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പിനെ ഭയപ്പെടുകയാണ്.
മുനമ്പം പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് പാണക്കാട് തങ്ങൾ പറയുന്നത്. മുനമ്പമടക്കം കേരളത്തിലെ 26 സ്ഥലങ്ങളിൽ വഖഫ് ബോർഡ് ഉന്നയിച്ചിരിക്കുന്ന അവകാശവാദത്തിൽ നിന്നും പിന്മാറണം. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം. വഖഫ് ബോർഡിൻ്റെ ഏകപക്ഷീയമായ അധിനിവേശം കാരണമാണ് പ്രശ്നം ഉണ്ടായിരിക്കുന്നത്. യുപിഎ സർക്കാരിൻ്റെ വഖഫ് നിയമഭേദഗതിയാണ് ഇത്തരം സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. യുപിഎ സർക്കാർ ചെയ്ത ആ തെറ്റ് തിരുത്താനാണ് മോദി സർക്കാർ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. പിണറായി വിജയനും സതീശനും എന്തിനാണ് വഖഫ് നിയമ പരിഷ്കരണത്തിനെതിരെ നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കിയതെന്ന് ജനങ്ങളോട് പറയണം. നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പിൻവലിച്ച് എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നാടിന്റെ വികസന പ്രശ്നങ്ങൾ ഒന്നും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവരുതെന്നാണ് എൽഡിഎഫും യുഡിഎഫും ആഗ്രഹിക്കുന്നത്. എന്നാൽ വികസനം ചർച്ചയാക്കാനാണ് എൻഡിഎ ആഗ്രഹിക്കുന്നത്. നെൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. എന്തുകൊണ്ടാണ് കേന്ദ്രം നെല്ലിൻ്റെ താങ്ങുവില കൂട്ടുമ്പോൾ സംസ്ഥാനം താങ്ങുവില കുറയ്ക്കുന്നത്. കർഷകരെ ദ്രോഹിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ തിരുത്തണം. കേന്ദ്രം കൊടുക്കുന്ന പോലും കർഷകർക്ക് നൽകാൻ സംസ്ഥാനം തയ്യാറാവുന്നില്ല. സർക്കാരിന്റെ തെറ്റായ ജനവിരുദ്ധ നയങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കൊടകര വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. ബിജെപി നേതൃത്വത്തിൻ്റെ കൈകൾ ശുദ്ധമായതിനാൽ ഒരു അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.